നടിയെ ആക്രമിച്ച സംഭവം: പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികളായ പള്‍സര്‍ സുനിയുടെയും വിജേഷിന്‍റെയും ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികളായ പള്‍സര്‍ സുനിയുടെയും വിജേഷിന്‍റെയും ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ആലുവ മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷകള്‍ പരിഗണിക്കുന്നത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് സുനിയുടേയും വിജേഷിന്റെയും ആവശ്യം.
നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതികള്‍ സുനിയും വിജേഷുമാണെന്നാണ് പോലീസ് സംശയിക്കുന്നത്. ആയതിനാല്‍ രണ്ട് തവണ ഇവരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ആദ്യം 9 ദിവസവും പിന്നീട് 5 ദിവസവുമാണ് ഇവര്‍ പൊലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇവരെ റിമാന്‍റ് ചെയ്തു. ചോദ്യം ചെയ്യലും തെളിവെടുപ്പും അവസാനിച്ച സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് പ്രതികളുടെ വാദം. എന്നാല്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പൊലീസ് പറയുന്നത്.
നിര്‍ണ്ണായകമായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. ദൃശ്യങ്ങള്‍ മറ്റൊരു ഫോണിലേക്ക് പകര്‍ത്തിയെന്ന് സുനി പറയുമ്പോഴും ഇതിന്‍റെ പരിശോധനാഫലം ലഭിക്കാത്തതും പൊലീസിനെ കുഴയ്ക്കുന്നുണ്ട്. ആയതിനാല്‍ ജാമ്യാപേക്ഷയെ ശക്തമായി തന്നെ പൊലീസ് എതിര്‍ക്കും. ഒളിവില്‍ കഴിയുമ്പോള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും നാടകീയമായ രീതിയില്‍ പോലീസ് ഇവരെ പിടികൂടുകയായിരുന്നു.