തുറവൂര്‍ എസ്എന്‍ജിഎമ്മില്‍ നിന്ന് ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടു
ശ്രീനാരായണ ഗുരു മെമ്മോറിയല്‍ എജ്യൂക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ ട്രസ്റ്റിന് കീഴിലെ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി 140 പേരെയാണ് പിരിച്ചു വിട്ടിരിക്കുന്നത്.
ചേര്‍ത്തല തുറവൂര്‍ എസ്എന്‍ജിഎം കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ജീവനക്കാരെ മുന്നറിയിപ്പില്ലാതെ കൂട്ടമായി പിരിച്ചു വിട്ടു. സ്ഥാപനം മറ്റൊരു മാനേജ്‌മെന്റിന് കൈമാറുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്ന് ആക്ഷേപം. തൊഴില്‍ സുരക്ഷ ആവശ്യപ്പെട്ട് സ്ഥാപനത്തിലെ ജീവനക്കാര്‍ സമരമാരംഭിച്ചു.
ശ്രീനാരായണ ഗുരു മെമ്മോറിയല്‍ എജ്യൂക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ ട്രസ്റ്റിന് കീഴിലെ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി 140 പേരെയാണ് പിരിച്ചു വിട്ടിരിക്കുന്നത്. ട്രസ്റ്റിന് കീഴിലെ കെ ആര്‍ ഗൌരിയമ്മ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് 27, ഫാര്‍മസി കോളജില്‍ നിന്ന് 15, ഹൈയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് 40, മാനേജ്മെന്റ് കോളേജില്‍ നിന്നും, ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നിന്നുമായി 7 വീതം, ഓഫീസ് ജീവനക്കാരില്‍ നിന്നും 42 എന്നിങ്ങനെയാണ് അപ്രതിക്ഷിത പിരിച്ചു വിടല്‍ നടന്നിരിക്കുന്നത്.
സ്ഥാപനത്തില്‍ ജോലി ലഭിക്കുന്നതിന് ഓരോ ജീവനക്കാരില്‍ നിന്നും മൂന്ന് ലക്ഷം രൂപ മുതല്‍ 8ലക്ഷം രൂപ വരെ കോഴ വാങ്ങിയതായി സമരക്കാര്‍ ആരോപിക്കുന്നു. മാത്രമല്ല ജീവനക്കരുടെ ശമ്പളത്തില്‍ നിന്നും പിരിച്ചെടുത്ത പിഎഫ്, ഇഎസ്‌ഐ തുക മുഴുവനും സര്‍ക്കാരില്‍ അടച്ചില്ലെന്നും ഇവര്‍ പറയുന്നു.
നിലവില്‍ ഇവിടെ ജീവനക്കാര്‍ക്ക് 45 ദിവസം കൂടുമ്പോഴാണ് ഒരു മാസത്തെ വേതനം നല്‍കുന്നത്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള വേതന വ്യവസ്ഥയുമല്ലെന്നും സമരക്കാര്‍ പറയുന്നു. നിയമന സമയത്ത് നല്‍കിയ ഒരുറപ്പും പാലിക്കാതെ അന്യായമായി പിരിച്ചു വിട്ട നടപടിക്കെതിരെ നിയമ നടപടികള്‍ക്കൊരുങ്ങുകയാണിവര്‍. അതേസമയം പ്രശ്‌നത്തോട് പ്രതികരിക്കാന്‍ മാനേജ്‌മെന്റ് സന്നദ്ധമായില്ല.