എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി
കമ്പനികള്‍ മൂന്ന് മാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി ഉത്തരവ്.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് കമ്പനികള്‍ നഷ്ടപരിഹാരവും ആജീവനാന്ത ചികിത്സയും നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവ്. പുനരധിവാസ നപടകളുമായി മുന്നോട്ട് പോകാനും അതിനുള്ള പണം കീടനാശിനി കമ്പനികളില്‍ നിന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഈടാക്കാനും സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഡിവൈഎഫ്ഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
എന്‍ഡോസള്‍ഫാന്‍ നിരോധിച്ച് 2011ല്‍ സുപ്രീം കോടതി ഇടക്കാലവിധി പുറപ്പെടുവിച്ചിരുന്നെങ്കിലും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതും പുനരധിവാസം ഒരുക്കുന്നതും സംബന്ധിച്ച പ്രശ്നങ്ങള്‍ തുടര്‍ന്ന സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ മനുഷ്യവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ച 5 ലക്ഷം രൂപ മൂന്ന് മാസത്തിനകം ഇരകള്‍ക്ക് ലഭ്യമാക്കണമെന്ന് ഹര്‍ജിയില്‍ സുപ്രീം കോടതി വിധിച്ചു. വിവിധ കീടനാശിനി കമ്പനികള്‍ അംഗങ്ങളായ സെന്‍റര്‍ ഫോര്‍ എന്‍വയോണ്‍മെന്‍റ് ആന്‍റ് അഗ്രോകെമിക്കല്‍സ് ആണ് തുക നല്‍കേണ്ടതെന്നും ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഗൌരവമുള്ള വിഷയമായിട്ടും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നോക്കിനില്‍ക്കുകയാണെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി. എന്നാല്‍ 500 കോടിയുടെ പുനരധവാസ പദ്ധതി ആരംഭിച്ചുവെന്നും കേന്ദ്ര ഫണ്ടിന്‍റെ അപര്യാപ്തതമൂലം പദ്ധതി പാതിയിലാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്ന് ഇരകള്‍ക്കായുള്ള ആജീവനാന്ത ചികിത്സ പദ്ധതിയുമായി മുന്നോട്ട് പോകാനും അതിനുള്ള പണം കമ്പനികളില്‍ നിന്നും കേന്ദ്രത്തില്‍ നിന്നും കൈപറ്റാനും സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
2011ലെ ഇടക്കാല വിധിക്ക് പിന്നാലെ കേസില്‍ അനുകൂല വിധിയുണ്ടായെന്ന് കാട്ടി കീടനാശിനി കമ്പനികള്‍ മുന്‍ ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയയുടെ ചിത്രം വച്ച് പത്ര പരസ്യം നല്‍കിയിരുന്നു. ഇതിന്‍മേല്‍ കമ്പനികള്‍ക്ക് സുപ്രീം കോടതി, കോടതി അലക്ഷ്യ നോട്ടീസയച്ചു. കമ്പനികള്‍ രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണം.