വയനാട്ടില്‍ മണ്ണിരകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു
സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെയും നെന്മേനി ഗ്രാമപഞ്ചായത്തിലെയും ചില പ്രദേശങ്ങളിലാണ് ഈ അപൂര്‍വ പ്രതിഭാസം
വയനാട്ടിലെ ചില പ്രദേശങ്ങളില്‍ മണ്ണിരകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു. സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെയും നെന്മേനി ഗ്രാമപഞ്ചായത്തിലെയും ചില പ്രദേശങ്ങളിലാണ് ഈ അപൂര്‍വ പ്രതിഭാസം. ഇത്തരത്തില്‍ മണ്ണിരകള്‍ ചത്തുപൊങ്ങുന്നത് ഇതുവരെ കണ്ടിട്ടില്ലെന്ന് വിദഗ്ധര്‍ പറയുന്നു. രാസവള പ്രയോഗമോ കാലാവസ്ഥ വ്യതിയാനമോ ആണ് കാരണമെന്നാണ് സംശയിക്കുന്നത്.
നാലു ദിവസം മുന്‍പാണ് മണ്ണിരകള്‍ ചാവുന്നത് കര്‍ഷകരുടെ ശ്രദ്ധയില്‍പ്പെട്ടത്. നെന്മേനി ഗ്രാമപഞ്ചായത്തിലെ തൊവരിമലയിലായിരുന്നു ഇത്. പ്രദേശത്തെ കര്‍ഷനായ സന്തോഷിന്റെ വീടിന്റെ മുറ്റം മുഴുവന്‍ രാവിലെ തന്നെ മണ്ണിരകള്‍ നിറയും. വെയിലിന് ശക്തി കൂടുമ്പോഴേയ്ക്കും ചത്തു വീഴുകയും ചെയ്യും. ഇവിടെതന്നെയുള്ള മണ്‍റോഡിലും ഇതു തന്നെ അവസ്ഥ.
ഇതിന് പിന്നാലെയാണ് ബത്തേരി നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ സമാനമായ പ്രതിഭാസം കണ്ടത്. ബത്തേരിയിലെ വടക്കനാട് മേഖലയില്‍ വനത്തോടു ചേര്‍ന്ന പ്രദേശങ്ങളിലും ചെട്ടിമൂല ഭാഗത്തും മണ്ണിരകള്‍ കൂട്ടത്തോടെ ചത്തു. ഇത്തരത്തിലൊരു സംഭവം ആദ്യമായാണ് ശ്രദ്ധയില്‍പെടുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഈര്‍പ്പം തേടി മണ്ണിലേയ്ക്ക്, ആഴ്ന്നിറങ്ങി പോകുന്ന മണ്ണിരകള്‍, മണ്ണില്‍ നിന്ന് പുറത്തേയ്ക്ക് വരുമ്പോള്‍, ചൂട് അതിജീവിക്കാനാകാതെ ചത്തുവീഴുകയാണ്.