നെല്ല് സംഭരണം വൈകുന്നു; കര്‍ഷകര്‍ പ്രതിസന്ധിയില്‍
സൂക്ഷിക്കാനുള്ള സൌകര്യമില്ലാത്തതിനാല്‍ കിട്ടുന്ന വിലക്ക് നെല്ല് വിറ്റഴിക്കേണ്ട അവസ്ഥയിലാണിപ്പോള്‍ കര്‍ഷകര്‍
സംസ്ഥാനത്ത് നെല്ല് സംഭരണം ഇന്നലെ ആരംഭിക്കുമെന്ന പ്രഖ്യാപനം നടപ്പിലായില്ല. സൂക്ഷിക്കാനുള്ള സൌകര്യമില്ലാത്തതിനാല്‍ കിട്ടുന്ന വിലക്ക് നെല്ല് വിറ്റഴിക്കേണ്ട അവസ്ഥയിലാണിപ്പോള്‍ കര്‍ഷകര്‍. നെല്ലിന്റെ സംഭരണ വില വര്‍ധിപ്പിക്കണമെന്ന കര്‍ഷകരുടെ ആവശ്യവും നടപ്പിലായിട്ടില്ല.
ഭൂരിഭാഗം നെല്‍പാടങ്ങളിലും കൊയ്ത്തു കഴിഞ്ഞെങ്കിലും കര്‍ഷകരുടെ നെല്ല് സപ്ലൈകോ ഏറ്റെടുത്തിട്ടില്ല. ചൊവ്വാഴ്ച മുതല്‍ സംഭരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായിരുന്നു. സപ്ലൈകോ ഒരു കിലോ നെല്ലിന് 21.50 രൂപയാണ് നല്‍കുക. സപ്ലൈകോ സംഭരിക്കാത്തതിനാല്‍ അവസരം മുതലെടുത്ത് സ്വകാര്യമില്ലുകള്‍ 15 രൂപക്കാണ് ഒരു കിലോ നെല്ല് വാങ്ങുന്നത്.
സപ്ലൈകോക്ക് വേണ്ടി നെല്ല് സംഭരിക്കുന്ന മില്ലുടമകള്‍ക്ക് നല്‍കുന്ന കൈകാര്യച്ചെലവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നെല്ല് സംഭരണം വൈകിപ്പിച്ചത്. കൈകാര്യച്ചെലവ് ക്വിന്റലിന് 138 രൂപയുള്ളത് 190 രൂപയാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. മില്ലുടമകളുടെ ആവശ്യം അംഗീകരിച്ചപ്പോഴും നെല്ലിന്റെ സംഭരണവില വര്‍ധിപ്പിക്കുകയെന്ന കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചില്ലെന്ന പരാതിയുണ്ട്. സംഭരണം ആരംഭിച്ചാല്‍ ഒരാഴ്ചക്കുള്ളില്‍ പണം കര്‍ഷകരുടെ ബാങ്ക് അക്കൌണ്ടില്‍ ലഭ്യമാക്കുമെന്നാണ് സര്‍ക്കാരിന്റെ അറിയിപ്പ്.