കടകംപള്ളിയില്‍ റെയില്‍വെ ഭൂമി തട്ടിയെടുത്ത സംഭവം പരിശോധിക്കുമെന്ന് റവന്യുമന്ത്രി
ശൂന്യ തണ്ടപ്പെരില്‍ എഴുതിചേര്‍ത്താണ് തട്ടിപ്പ്; തണ്ടപ്പേര്‍ കീറിയെടുത്തതായും കണ്ടെത്തി
കടകംപള്ളിയില്‍ ഭൂമാഫിയ റെയില്‍വെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം അന്വേഷിക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. ശൂന്യതണ്ടപ്പേരില്‍ എഴുതി ചേര്‍ത്ത് റെയില്‍വെ പുറമ്പോക്ക് ഭൂമിയടക്കം തട്ടിയെടുത്തെന്ന് മീഡിയവണ്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
കടകംപള്ളി വില്ലേജ് ഓഫീസില്‍ ശൂന്യതണ്ടപ്പേരില്‍ എഴുതി ചേര്‍ത്ത് ഭൂമി തട്ടിപ്പ് നടന്നതായ വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് റവന്യൂവകുപ്പ് പരിശോധന നടത്തിയത്. റെയില്‍വെ പുറമ്പോക്ക് ഭൂമി അടക്കം തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്ന് റവന്യൂ വകുപ്പ് പരിശോധനയില്‍ കണ്ടെത്തി. 21792 എന്ന തണ്ടപ്പേരില്‍ 2245 - എ1 എന്ന സര്‍വ്വെ നമ്പര്‍ എഴുതി ചേര്‍ത്താണ് തട്ടിപ്പ് നടത്തിയത്. ഈ സര്‍വ്വെ നമ്പര്‍ 3 സെന്‍റ് റെയില്‍വെ പുറമ്പോക്ക് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2007-2008, 2014-2015 എന്നീ കാലയളവില് ഈ ഭൂമിക്ക് കരം സ്വീകരിച്ചതായും അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ തട്ടിപ്പ് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് ചെയത്തോടെ തണ്ടപ്പേര്‍ കീറിക്കളഞ്ഞതായും അന്വേഷണത്തില്‍ വ്യക്തമായി. 7381, 3512, 426 എന്നീ ശൂന്യ തണ്ടപ്പേരുകളിലും കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി എന്നും കണ്ടെത്തിയിരുന്നു. സംഭവം പരിശോധിച്ച് നടപടിയുടെക്കുമെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.
നേരത്തെ വിവാദമായ കടകംപള്ളി ഭൂമി ഇടപാടിനു പുറമെയാണ് പുതിയ തട്ടിപ്പ് പുറത്തുവന്നത്.