കടകംപള്ളി ഭൂമി തട്ടിപ്പ്: സലിം രാജിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
ഐപിസി 506 പ്രകാരമുള്ള ഭീഷണിപ്പെടുത്തല്‍ വകുപ്പ് മാത്രമാണ് സലിം രാജിനെതിരെ ചുമത്തിയിരിക്കുന്നത്.
കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ സലിം രാജിനെ ഉള്‍പ്പെടുത്തി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഐപിസി 506 പ്രകാരമുള്ള ഭീഷണിപ്പെടുത്തല്‍ വകുപ്പ് മാത്രമാണ് സലിം രാജിനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ വ്യാജ ആധാരം തയാറാക്കല്‍ ഉള്‍പ്പടെ ഭൂമി തട്ടിയെടുക്കാനുള്ള മുഖ്യപ്രതിയുടെ ശ്രമങ്ങള്‍ക്ക് സലിം രാജ് കൂട്ടുനിന്നതായി കുറ്റപത്രത്തില്‍ തന്നെ പറയുന്നു. കുറ്റപത്രത്തിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.
കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലായി സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലും മുന്‍മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിം രാജ് ഉള്‍പ്പെടാതിരുന്നത് വിവാദമായ പശ്ചാത്തലത്തിലാണ് പുതിയ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്. കഴിഞ്ഞ ആഴ്ച തിരുവനന്തപുരം സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഐപിസി 506 ഭീഷണപ്പെടുത്തല്‍ വകുപ്പ് മാത്രാണ് സലിം രാജിനെതിരെ ചുമത്തിയിരിക്കുന്നത്. ഭൂഉടകമളുടെ പവര്‍ ഓഫ് അറ്റോണിയായ ബാലുസ്വാമിയെ മുഖ്യ പ്രതികളായ അബ്ദുല്‍ മജീദിനും ജയറാമിനുമൊപ്പം എത്തി ഭീഷണിപ്പെടുത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
എന്നാല്‍ കേസിന്‍റെ വിശദാംശങ്ങള്‍ പറയുന്ന കുറ്റപത്രത്തിലെ 6 ആം പേജില്‍ ഭൂമി തട്ടിപ്പിന് മറ്റു പ്രതികളെ സലിം രാജ് സഹായിച്ചതായി സൂചിപ്പിച്ചിട്ടുണ്ട്. ഭൂമി തട്ടിപ്പിനായി വ്യാജ ആധാരം ചമക്കല്‍ ഉള്‍പ്പെടെയുള്ളവയില്‍ സലിം രാജും മറ്റൊരു പ്രതിയായ ദിലീപ് കുമാറും സഹായിച്ചുവെന്നാണ് പറഞ്ഞിരിക്കുന്നത് എന്നിരിക്കെ ഭീഷണപ്പെടുത്തല്‍ കുറ്റം മാത്രം ചുമത്തിയ സി ബി ഐ നടപടി വിമര്‍ശം ഉയര്‍ത്തിയിട്ടുണ്ട്. കടകംപള്ളി കേസില്‍ ഇനിയും കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കാനുണ്ടെന്ന് സിബിഐ വൃത്തങ്ങള്‍ സൂചന നല്‍കുന്നു.