ട്രോളിംഗ് നിരോധം:മത്സ്യ തൊഴിലാളികള്‍ക്ക് ഇനിയും സൌജന്യ റേഷന്‍ ലഭിച്ചില്ല
സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥ തലത്തിലെയും അലംഭാവവും ഈ ട്രോളിംഗ് നിരോധന കാലയളവും മത്സ്യതൊഴിലാളികള്‍ക്ക് വറുതിയുടെ കാലയളവാകുകയാണ്.
ട്രോളിംഗ് നിരോധനം 14 ദിവസം പിന്നിടുമ്പോഴും സംസ്ഥാനത്ത് മത്സ്യ തൊഴിലാളികള്‍ക്ക് സൌജന്യ റേഷന്‍ ലഭിച്ചില്ല. ഇതിനായുള്ള പ്രാരംഭ നടപടികള്‍ പോലും ആരംഭിച്ചിട്ടില്ലെന്നാണ് വിവരം. സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥ തലത്തിലെയും അലംഭാവവും ഈ ട്രോളിംഗ് നിരോധന കാലയളവും മത്സ്യതൊഴിലാളികള്‍ക്ക് വറുതിയുടെ കാലയളവാകുകയാണ്.
ഇക്കഴിഞ്ഞ ജൂണ്‍ 14 ന് അര്‍ദ്ധരാത്രിയിലാണ് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവില്‍ വന്നത്. ഈ വര്‍ഷം ജൂലെ 31 വരെ 47 ദിവസമാണ് ട്രോളിംഗ് നിരോധനം. പതിനായിരത്തിലധികം മത്സ്യതൊഴിലാളി കുടുംബങ്ങളെ ട്രോളിംഗ് നിരോധനം പ്രത്യക്ഷത്തില്‍ തന്നെ ബാധിക്കുന്നുണ്ട്. ഇവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൌജന്യ റേഷന്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ല. മത്സ്യത്തൊഴിലാളികളില്‍ നിന്നും റേഷനുള്ള അപേക്ഷാ ഫോം സ്വീകരിക്കാന്‍ പോലും തുടങ്ങിയിട്ടില്ല. ഇതുമൂലം കടുത്തപ്പട്ടിണിയിലേക്ക് നീങ്ങുകയാണ് മത്സ്യ തൊഴിലാളി കുടുംബങ്ങള്‍
സൗജന്യ റേഷന് പുറമേ ഈ കാലയളവില്‍ മത്സ്യതൊഴിലാളികള്‍ക്ക് ലഭിക്കേണ്ട സമ്പാദ്യ പദ്ധതിയില്‍ നിന്നുള്ള തുകയും ലഭ്യമാകുന്നില്ല. മത്സ്യതൊഴിലാളികളില്‍ നിന്ന് സ്വരൂപിക്കുന്ന 900 രൂപയ്ക്ക് പുറമേ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് കൂടി ചേര്‍ത്താണ് സമ്പാദ്യ പദ്ധതി.
ട്രോളിംഗ് നിരോധനം പിന്‍വലിച്ച ശേഷമാണ് മുന്‍ വര്‍ഷങ്ങളില്‍ മത്സ്യതൊഴിലാളികള്‍ക്ക് റേഷന്‍ ലഭിച്ചത്. ഇത്തവണയും സൗജന്യ റേഷന്‍ വൈകുന്നതിലെ ആശങ്കയിലാണ് തീരദേശം