ഇടുക്കിയില്‍ ഇന്ന് ഹര്‍ത്താല്‍
മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നാരോപിച്ച് ഇന്ന് ഇടുക്കിയില്‍ സിഎസ്ഡിഎസ് ഹര്‍ത്താല്‍ നടത്തുന്നു.
മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നാരോപിച്ച് ഇന്ന് ഇടുക്കിയില്‍ സിഎസ്ഡിഎസ് ഹര്‍ത്താല്‍ നടത്തുന്നു. കഴിഞ്ഞ ദിവസം ഇടുക്കി കാഞ്ചിയാറില്‍ ജനവാസകേന്ദ്രത്തിനടുത്ത് മൃതദേഹം മറവ്ചെയ്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം അവിടെ നിന്ന് മാറ്റി പൊതുശ്മശാനത്തില്‍ മറവ് ചെയ്തു. ഇത് ചോദ്യം ചെയ്താണ് ഇന്ന് ജില്ലയില്‍ സിഎസ്ഡിഎസ് ഹര്‍ത്താല്‍ നടത്തുന്നത്.
കോഴിമല സ്വദേശി പാണാംതോട്ടത്തിൽ തങ്കച്ചന്റെ മൃതദേഹം സെപ്തംബര്‍ പതിനാറിനാണ് ഇടുക്കി കാഞ്ചിയാറില്‍ സംസ്കരിച്ചത്. ഇമ്മാനുവൽ ഫെയ്ത്ത് മിനിസ്ട്രി എന്ന ക്രിസ്തീയ സഭക്കു വേണ്ടി വാങ്ങിയ സ്ഥലത്തായിരുന്നു സംസ്കാരം. ജനവാസ മേഖലയിൽ നിയമ വിരുദ്ധമായി മൃതദേഹം സംസ്കരിച്ചതിനെതിരെ നാട്ടുകാർ രംഗത്തെത്തി. തുടർന്ന് ഇടുക്കി ആർഡിഒ എത്തി മൃതദേഹം പുറത്തെടുത്ത് കട്ടപ്പന പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. ഇതിനെതിരെയാണ് സിഎസ്ഡിഎസ് ഹര്‍ത്താല്‍.
ദലിത് വിഭാഗത്തിൽ പെട്ടയാളുടെ മൃതദേഹത്തോട് അനാദരവ് കാട്ടുകയും ബന്ധുക്കളെ അറിയിക്കാതെ പുറത്തെടുക്കുകയും ചെയ്തവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.