സൌമ്യയുടെ അമ്മ സ്വന്തം നിലക്ക് സുപ്രീംകോടതിയിലേക്ക്
ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദ് ചെയ്തതിനെതിരെ സ്വീകരിക്കേണ്ട നിയമ നടപടികളുമായി ബന്ധപ്പെട്ടാണ് സുമതി മുഖ്യമന്ത്രിയെ കണ്ടത്
സൌമ്യ വധക്കേസ് വിധിക്കെതിരെ സ്വന്തം നിലയില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ അമ്മ സുമതി തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന റിവ്യൂ ഹര്‍ജിക്ക് ഒപ്പമാണ് സുമതിയും സുപ്രീംകോടതിയെ സമീപിക്കുക. കേസുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടന്ന് സൌമ്യയുടെ കുടുംബം വ്യക്തമാക്കി. മുഖ്യമന്ത്രിയേയും നിയമമന്ത്രിയേയും ഡിജിപിയേയും സൌമ്യയുടെ അമ്മയും സഹോദരനും സന്ദര്‍ശിച്ചു.
സൌമ്യവധക്കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ഇടപെടലാണ് അമ്മ സുമതിയും സഹോദരന്‍ സന്തോഷും തിരുവനന്തപുരത്തെത്തി നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമമന്ത്രി എ കെ ബാലന്‍, പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്നിവരെ കണ്ട് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. സുപ്രീംകോടതി വിധിക്കെതിരെ സ്വന്തം നിലയില്‍ റിവ്യൂഹര്‍ജി നല്‍കാനാണ് തീരുമാനം.
എന്നാല്‍ സന്ദര്‍ശനത്തിന് ശേഷം സര്‍ക്കാര്‍ നടപടിയില്‍ തൃപ്തിയുണ്ടന്നും സുമതി പ്രതികരിച്ചു. സുരക്ഷാപ്രശ്നങ്ങളുള്ളതിനാല്‍ പോലീസ് വാഹനത്തിലാണ് സൌമ്യയുടെ കുടുംബം മുഖ്യമന്ത്രിയേയും ഡിജിപിയേയും കാണാനെത്തിയത്.