പരവൂര്‍ വെടിക്കെട്ട് തടയാതിരിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായിരുന്നു: ഡിജിപി

Update: 2017-12-15 23:39 GMT
Editor : admin
പരവൂര്‍ വെടിക്കെട്ട് തടയാതിരിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായിരുന്നു: ഡിജിപി
Advertising

പരവൂര്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് തടയാതിരിക്കാന്‍ പൊലീസിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായിരുന്നതായി ഡിജിപിയുടെ റിപ്പോര്‍ട്ട്

Full View

പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് തടയാതിരിക്കാന്‍ പൊലീസിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായിരുന്നതായി ഡിജിപിയുടെ റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പൊലീസിന് ഈ സമ്മര്‍ദ്ദം മറികടക്കാന്‍ കഴിഞ്ഞില്ലെന്നും ഡിജിപി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ‌ഏപ്രില്‍ 13ന് ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശങ്ങള്‍ ഉള്ളത്.

പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടിന് അനുമതിയില്ലാതിരുന്നിട്ടും എന്തുകൊണ്ട് തടഞ്ഞില്ലെന്നായിരുന്നു പൊലീസിനെതിരായ ആക്ഷേപം. ഇതിനുള്ള മറുപടിയെന്നോണമാണ് ഡിജിപിയുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍. വെടിക്കെട്ട് തടയാതിരിക്കാന്‍ പൊലീസുദ്യോഗസ്ഥര്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമാണുണ്ടായിരുന്നത്.
തെരഞ്ഞെടുപ്പ് കാലമായതുകൊണ്ട് തന്നെ താഴേതട്ടിലുള്ള പൊലീസുദ്യോഗസ്ഥര്‍ക്ക് ഈ സമ്മര്‍ദ്ദം മറികടക്കാനാവില്ലെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍പും അനുമതി നിഷേധിച്ച ശേഷം പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് നടന്ന സംഭവം ഡിജിപി ചൂണ്ടിക്കാട്ടി.

1998ല്‍ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയപ്പോള്‍ പൊലീസ് കേസെടുത്തിരുന്നു. പക്ഷെ, രാഷ്ട്രീയ നേതൃത്വം ഇടപെട്ട് കേസ് പിന്‍വലിപ്പിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. പലപ്പോഴും ജനങ്ങളുടെയും ജനപ്രതിനിധികളുടെയും സാമൂഹ്യപ്രവര്‍ത്തകരെയും രോഷം പൊലീസിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ട്.

മുന്‍ എം പി പീതാംബരക്കുറുപ്പ്, ചാത്തന്നൂര്‍ എംഎല്‍എ ജി എസ് ജയലാല്‍ തുടങ്ങിയവര്‍ വെടിക്കെട്ടിന് അനുമതി നിഷേധിച്ചതിനെ ചോദ്യം ചെയ്തിരുന്നതായി നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. വെടിക്കെട്ടിന് സൌകര്യം ചെയ്തുതന്ന പീതാംബരക്കുറുപ്പിന് നന്ദി രേഖപ്പെടുത്തുന്നതായി അനൌണ്‍സ് ചെയ്ത ശേഷമാണ് വെടിക്കെട്ട് തുടങ്ങിയതെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News