മലമ്പുഴ വി എസിനെന്ന് ഉറപ്പിച്ച് എല്‍ഡിഎഫ്
വിഎസിന്റെ മണ്ഡലത്തില്‍ ബിജെപി മുന്നേറ്റമുണ്ടാക്കിയാല്‍ അത് വലിയ ക്ഷീണമാവുമെന്നാണ് വിലയിരുത്തല്‍.
മലമ്പുഴയില്‍ വി എസ് അച്യുതാനന്ദനെതിരെയുള്ള പുതിയ പോര്‍മുഖങ്ങളെ ഗൌരവത്തിലെടുത്ത് സിപിഎം സംസ്ഥാന നേതൃത്വം. ബിഡിജെഎസ്, എഐഎഡിഎംകെ, ബിജെപി ഘടകങ്ങള്‍ വിഎസിന്റെ ഭൂരിപക്ഷം കുറക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മണ്ഡലം കമ്മിറ്റിക്ക് നല്കിയത്. വിഎസിന്റെ മണ്ഡലത്തില്‍ ബിജെപി മുന്നേറ്റമുണ്ടാക്കിയാല്‍ അത് വലിയ ക്ഷീണമാവുമെന്നാണ് വിലയിരുത്തല്‍.
വാളയാര്‍, എലപ്പുള്ളി തുടങ്ങി അതിര്‍ത്തി മേഖലയിലെ വോട്ടുകള്‍ ലക്ഷ്യമിട്ട് എഐഎഡിഎംകെ, മൈക്രോഫിനാന്‍സിംഗ് കേസില്‍ ആഞ്ഞടിച്ച വിഎസിന് മറുപടി നല്കാന്‍ വെള്ളാപ്പള്ളിയുടെ നിര്‍ദേശവുമായി ബിഡിജെഎസ്, ചിട്ടയായ പ്രവര്‍ത്തനങ്ങളുമായി ബിജെപി -ഈ ഘടകങ്ങളാണ് സിപിഎം നേതൃത്വം ഗൌരവത്തിലെടുക്കുന്നത്.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ മണ്ഡലം കമ്മിറ്റിയില് പങ്കെടുത്തു. മണ്ഡലത്തിലെ മുഴുവന്‍ ലോക്കല്‍ സെക്രട്ടറിമാരെയും വിളിച്ചുവരുത്തി കഴിഞ്ഞ തവണത്തെക്കാല്‍ വിഎസിന്റെ ഭൂരിപക്ഷത്തില് നിന്നും ഒരുവോട്ടും കുറയരുതെന്ന് നിര്‍ദേശം നല്കി. കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘവന്റെ സാന്നിധ്യത്തില്‍ നേരത്തെ നടന്ന കമ്മിറ്റി ഓരോ ബൂത്തുകളിലും 5 വീതം കുടുംബയോഗങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില് 2227 വോട്ടുകളാണ് ബിജെപി മലമ്പുഴ മണ്ഡലത്തില് നേടിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള് ഇത് 23,433 വോട്ടായി ഉയര്ന്നു. തദ്ദേശ തെരഞ്ഞെടുപ്പില് കാണിച്ച മുന്നേറ്റം കൂടി നിലനിറുത്താനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്.
ഈഴവ സമുദായത്തിന് സ്വാധീനമുള്ള മേഖലകളും മണ്ഡലത്തിലുണ്ട്. പുതിയ സാഹചര്യത്തില്‍ മണ്ഡലത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ വിഎസ് തീരുമാനിച്ചിരുന്നു. നാളെ സീതാറാം യെച്ചൂരിയും തെരഞ്ഞെടുപ്പ് പരിപാടിയില് പങ്കെടുക്കും. ഇന്ന് പിണറായി വിജയനും മലമ്പുഴ മണ്ഡലത്തിലെ ഒരു പരിപാടിയില്‍ എത്തുന്നുണ്ട്.