തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 8750 പേരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി
ഇതില്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ എത്രയെന്ന് വ്യക്തമായിട്ടില്ല. തെരഞ്ഞെടുക്കപ്പെട്ടവര്‍ ഉള്‍പ്പെട്ടാല്‍ ആ ഒഴിവുകളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തും...
2015ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 8750 പേരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി. തെരഞ്ഞെടുപ്പ് ചിലവ് സമര്‍പ്പിക്കാത്തവരെയും അനുവദിച്ചതിലും അധികം തുക ചിലവഴിച്ചവരെയുമാണ് അയോഗ്യരാക്കിയത്. ഇവര്‍ അടുത്ത 5 വര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും വിലക്കി.
തെരഞ്ഞെടുപ്പ് ചിലവ് സമര്‍പ്പിക്കാത്തവര്‍ക്ക് സമര്‍പ്പിക്കാനും വൈകിയതിന് കാരണം ബോധിപ്പിക്കാനും നോട്ടീസ് നല്‍കിയിരുന്നു. അതിന് ശേഷവും ചിലവ് സമര്‍പ്പിക്കാത്തവരെയും പരിധി കഴിഞ്ഞ് ചിലവഴിച്ചവരെയുമാണ് സംസ്ഥാന തെരഞ്ഞെുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അയോഗ്യരാക്കിയത്. കേരള പഞ്ചായത്തീ രാജ് ആക്ട് വകുപ്പ് 33, കേരള മുന്‍സിപ്പാലിറ്റി ആക്ട് വകുപ്പ് 89 എന്നിവയനുസരിച്ചാണ് നടപടി.
ഇതില്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ എത്രയെന്ന് വ്യക്തമായിട്ടില്ല. തെരഞ്ഞെടുക്കപ്പെട്ടവര്‍ ഉള്‍പ്പെട്ടാല്‍ ആ ഒഴിവുകളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തും. അയോഗ്യരാക്കപ്പെട്ടവര്‍ക്ക് 2022 വരെയുള്ള ഒരു തെരഞ്ഞെുപ്പിലും മത്സരിക്കാന്‍ കഴിയില്ല. പഞ്ചായത്തില്‍ മത്സരിച്ച 7178 പേരും മുന്‍സിപ്പാലിറ്റി കോര്‍പറേഷനില്‍ മത്സരിച്ച 1572 പേരുമാണ് അയോഗ്യരായത്. ഏറ്റവും കൂടുതല്‍ പേര്‍ അയോഗ്യരാക്കപ്പെട്ടത് എറണാകുളം ജില്ലയിലുള്ളവരാണ്. 1031 പേര്‍. കുറവ് വയനാട് ജില്ലയിലും 161 പേര്‍. ഗ്രാമപഞ്ചായത്ത് 10,000 ബ്ലോക്ക് 30,000 ജില്ലാപഞ്ചായത്ത് 60,000 മുന്‍സിപ്പാലിറ്റി 30,000 കോര്‍പറേഷന്‍ 60,000 എന്നിങ്ങനെയായാരുന്ന തെരഞ്ഞെടുപ്പ് ചിലവിന്റെ പരിധി.