ഹജ്ജ് ക്യാമ്പ് ഇന്ന് സമാപിക്കും
വൈകിട്ട് സൌദി വിമാനം പുറപ്പെടുന്നതോടെ ഹജ്ജിന്റെ ഒന്നാം ഘട്ടം അവസാനിക്കും
ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് ഇന്ന് സമാപിക്കും. വൈകിട്ട് സൌദി വിമാനം പുറപ്പെടുന്നതോടെ ഹജ്ജിന്റെ ഒന്നാം ഘട്ടം അവസാനിക്കും. അപേക്ഷിച്ചവരില്‍ 75,792 പേര്‍ക്ക് ഹജ്ജ് ചെയ്യാന്‍ ഇത്തവണ അവസരം ലഭിച്ചില്ല.
മാഹി, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ള 386 ഹാജിമാരേയും കൊണ്ട് സൌദി എയര്‍ലൈസിന്‍സിന്റെ അവസാന വിമാനം പോകുന്നതോടെ ഹജ്ജിന്റെ ഒന്നാം ഘട്ടം അവസാനിക്കും. ഈ വര്‍ഷം 10584 ഹാജിമാരാണ് 26 വിമാനങ്ങളിലായി നെടുമ്പാശേരി എയര്‍ പോര്‍ട്ടില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന യാത്ര തിരിച്ചത്. ഈ വര്‍ഷം 76377 അപേക്ഷകളാണ് ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചത്. ഇവരില്‍ 10585 പേര്‍ക്കാണ് ഹജ്ജ് ചെയ്യാനുള്ള അവസരം ലഭിച്ചത്. ബാക്കി 75792 പേര്‍ക്ക് അവസരം ലഭിച്ചിട്ടില്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചതും കേരളത്തില്‍ നിന്നാണ്. അതിനാല്‍ കേരളത്തിന് പ്രത്യേക പരിഗണന വേണമെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റിയോടും കേന്ദ്ര സംസ്ഥാന സര്‍ക്കാരിനോടും ആവശ്യപ്പെട്ടെങ്കിലും അനുകൂലമായ തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
70 വയസിന് മുകളിലുള്ളവര്‍ക്കും അഞ്ചാം വര്‍ഷം അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ഇത്തവണ ഹജ്ജ് ചെയ്യാന്‍ കഴിഞ്ഞു. റിസര്‍വേഷന്‍ കാറ്റഗറിയില്‍ ലഭിക്കുന്ന എല്ലാ അപേക്ഷകളും ഉള്‍പ്പെടുത്തുന്നതിന് ആവശ്യമായ സീറ്റുകള്‍ ലഭ്യമാക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത വര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പണികള്‍ പൂര്‍ത്തിയായാല്‍ ക്യാമ്പ് അവിടെ നടത്താനാണ് തീരുമാനം.