മന്ത്രിസഭാ തീരുമാനങ്ങളുടെ പരസ്യപ്പെടുത്തല്‍; ഉത്തരവ് അട്ടിമറിക്കപ്പെടുന്നു
മന്ത്രിസഭ തീരുമാനങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന വിവരവകാശ കമ്മീഷന്റെ ഉത്തരവ് അട്ടിമറിക്കപ്പെടുന്നു.
മന്ത്രിസഭ തീരുമാനങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന വിവരവകാശ കമ്മീഷന്റെ ഉത്തരവ് അട്ടിമറിക്കപ്പെടുന്നു. ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലറാണ് ഉത്തരവ് അട്ടിമറിക്കാന്‍ ഇടയാക്കുന്നത്. പരസ്യപ്പെടുത്തുന്ന തീരുമാനങ്ങളില്‍ മന്ത്രിസഭ യോഗത്തിന്റെ തിയതിയും നമ്പറും രേഖപ്പെടുത്തരുതെന്നാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. സര്‍ക്കുലറിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.
മന്ത്രിസഭാ തീരുമാനങ്ങള്‍ ഉത്തരവ് ലഭിച്ച് 48 മണിക്കൂറിനുള്ളില്‍ തന്നെ പുറപ്പെടവിക്കണമെന്ന് 14.06.2016 ല്‍ ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന അതേസമയം, തന്നെ കേരള സര്‍ക്കാരന്റെ വെബ്‍സൈറ്റിലും കോണ്‍ഫിഡേഷ്യല്‍ വിഭാഗത്തിലും നല്‍കണം. എന്നാല്‍ മറ്റു പകര്‍പ്പുകളില്‍ മന്ത്രിസഭാ യോഗ തീരുമാനത്തിന്റെ നമ്പറും തിയതിയും രേഖപ്പെടുത്തേണ്ടതില്ല എന്ന നിര്‍ദേശമാണ് വിനയായിരിക്കുന്നത്. ഈ മാനദണ്ഡം കാരണം വിവരം അന്വേഷിച്ചെത്തുന്നവര്‍ക്ക് തിയതിയും നമ്പരും രേഖപ്പെടുത്താത്തതിനാല്‍ വിവരം ലഭ്യമല്ല എന്ന മറുപടിയാണ് ലഭിക്കുന്നത്. വിവാദ നിയമനങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ മന്ത്രിസഭ തീരുമാനങ്ങള്‍ പുറംലോകം അറിയാതിരിക്കാന്‍ ഇത് ഇടയാക്കുമെന്നാണ് വിമര്‍ശം.