സുധീരനെതിരെ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി, ഹൈക്കമാന്‌ഡ് ഇടപെടുന്നു
സുധീരന്‍ തന്‍റെ നിലപാടില്‍ ഉറച്ചു നിന്നതോടെയാണ് അവസാന ശ്രമമായി സ്വയം മാറി നില്‍ക്കുകയെന്ന ഭീഷണിയുയര്‍ത്തി ഒരു സമവായത്തിലേക്ക് സുധീരനെ നയിക്കാനുള്ള തന്ത്രം ഉമ്മന്‍ചാണ്ടി
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനെതിരായ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആരോപണവിധേയരും തുടര്‍ച്ചയായി മത്സരിക്കുന്നവരും മാറിനില്‍ക്കണമെന്ന വാദം ഉയര്‍ത്തി തന്‍റെ വിശ്വസ്തര്‍ക്ക് സീറ്റ് നിഷേധിക്കാനുള്ള സുധീരന്‍റെ നീക്കമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിട്ടുള്ളത്. കെ ബാബു , കെ സി ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ക്ക് സീറ്റ് നിഷേധിച്ചാല്‍ മത്സരിക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി. നിലപാട് ഗുലാം നബി ആസാദിനെ അറിയിച്ചു. കേരളത്തിലേക്കുള്ള മടക്കയാത്ര മാറ്റിവെച്ച ഉമ്മന്‍ ചാണ്ടി ആസാദുമായും മുകുള്‍ വാസ്നിക്കുമായും കൂടിക്കാഴ്ച നടത്തി.ഇതിനിടെ പ്രശ്നപരിഹാരത്തിന് ഹൈക്കമാന്‍ഡ് നീക്കങ്ങള്‍ തുടങ്ങി. മുഖ്യമന്ത്രിയെയും സുധീരനെയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചര്‍ച്ചക്ക് ക്ഷണിച്ചിട്ടുണ്ട്.
ആരോപണവിധേയര്‍ മാറിനില്‍ക്കണമെങ്കില്‍ താനും മാറി നില്‍ക്കുമെന്നും തനിക്കെതിരെയും സോളാര്‍ കേസുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും തുടര്‍ച്ചയായി മത്സരിക്കുന്നതാണ് കെസി ജോസഫിനുള്ള അയോഗ്യതയെങ്കില്‍ തനിക്കും ആ മാനദണ്ഡം ബാധകമാണെന്നും മുഖ്യമന്ത്രി എ ഗ്രൂപ്പിലെ തന്‍റെ വിശ്വസ്തരെ അറിയിച്ചിട്ടുണ്ട്.
സ്ക്രീനിങ് കമ്മിറ്റി യോഗത്തിലും സുധീരനെതിരെ കടുത്ത നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ആര്യാടന്‍ മുഹമ്മദും കെ മുരളീധരനും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെ പിന്തുണച്ചു. സുധീരന്‍ തന്‍റെ നിലപാടില്‍ ഉറച്ചു നിന്നതോടെയാണ് അവസാന ശ്രമമായി സ്വയം മാറി നില്‍ക്കുകയെന്ന ഭീഷണിയുയര്‍ത്തി ഒരു സമവായത്തിലേക്ക് സുധീരനെ നയിക്കാനുള്ള തന്ത്രം ഉമ്മന്‍ചാണ്ടി പുറത്തെടുത്തിട്ടുള്ളത്. ഹൈക്കമാന്‍ഡിലൂടെ സുധീരനെ സ്വാധീനിക്കാന്‍ ഇത്തരമൊരു നീക്കം സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.