ഗെയ്‍ല്‍ പദ്ധതിക്കെതിരെ നിലപാടെടുത്തതിന്റെ പേരില്‍ പഞ്ചായത്ത് പ്രസിഡന്റിന് ഭീഷണിക്കത്ത്
കോഴിക്കോട് ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റിനാണ് ഭീഷണിക്കത്ത് ലഭിച്ചത്
ഗെയ്‍ല്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ നിലപാടെടുത്തതിന്റെ പേരില്‍ പഞ്ചായത്ത് പ്രസിഡന്റിന് ഭീഷണിക്കത്ത്. കോഴിക്കോട് ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റിനാണ് ഭീഷണിക്കത്ത് ലഭിച്ചത്. പഞ്ചായത്ത് ഓഫീസില്‍ തപാല്‍ മാര്‍ഗമാണ് പ്രസിഡന്റ് ഇ.ടി ബിനോയിക്ക് കത്ത് ലഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭം മൂലം ഉണ്ണികുളത്ത് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ താല്ക്കാലികമായി ഗെയ്‍ല്‍ അധികൃതര്‍ നിര്‍ത്തി വച്ചിരിക്കുകയാണ്.
സംസ്ഥാന വികസനത്തിന് വേണ്ടി നടപ്പിലാക്കുന്ന പദ്ധതിക്ക് തടസ്സം നില്‍ക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്നും പദ്ധതിയുമായി സഹചരിച്ചില്ലെങ്കില്‍ അനുഭവിക്കേണ്ടി വരുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്കുന്നു. സമര സമിതിയുടെ വക്കീലാണ് താങ്കള്‍ക്ക് ബുദ്ധി ഉപദേശിക്കുന്നതെന്നും രണ്ട് പേര്‍ക്കും ഇനിയും ഒരു പാട് കാലം ജീവിക്കാനുള്ളതാണെന്ന് ഓര്‍ക്കണമെന്നും കത്തിലുണ്ട്. വാതക പൈപ്പ് ലൈന്‍ പദ്ധതി ഇരുനൂറോളം കുടുംബങ്ങളെയാണ് ഉണ്ണികുളത്ത് ബാധിക്കുന്നത്. ഇവരില്‍ പകുതിയിലധികം പേര്‍ക്കും കിടപ്പാടം തന്നെ ഒഴിഞ്ഞ് പോവേണ്ടി വരും.