നേര്യമംഗലത്ത് ഇരുനൂറോളം സിപിഐ പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക്

Update: 2018-02-11 16:05 GMT
നേര്യമംഗലത്ത് ഇരുനൂറോളം സിപിഐ പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക്
Advertising

എറണാകുളം ജില്ലല്‍ ഉദയംപേരൂരിലടക്കം സിപിഎം വിട്ടവരെ സിപിഐ സ്വീകരിച്ചതിന് പിന്നാലെയാണ് നേര്യമംഗലത്ത് നിന്ന് സിപിഐ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സിപിഎമ്മില്‍ ചേരുന്നത്

Full View

എറണാകുളം നേര്യമംഗലത്ത് സിപിഐ വിട്ട് 200 ഓളം പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേരുന്നു. സിപിഎം പുറത്താക്കുന്നവരെ സ്വീകരിക്കുന്ന മാലിന്യ സംഭരണകേന്ദ്രമായി സിപിഐ മാറിയെന്നാരോപിച്ചാണ് നേര്യമംഗലം ലോക്കല്‍ കമ്മിറ്റിയിലെ പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ടത്. ജില്ലയില്‍ സിപിഎം വിട്ടവരെ സിപിഐ സ്വീകരിച്ചത് ഏറെ വിവാദമായിരുന്നു.

എറണാകുളം ജില്ലല്‍ ഉദയംപേരൂരിലടക്കം സിപിഎം വിട്ടവരെ സിപിഐ സ്വീകരിച്ചതിന് പിന്നാലെയാണ് നേര്യമംഗലത്ത് നിന്ന് സിപിഐ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സിപിഎമ്മില്‍ ചേരുന്നത്. നേര്യമംഗലം ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള പൈങ്ങോട്ടൂര്‍, നീണ്ടപാറ, ആവോലിചാല്‍, മണിമരുതുംചാല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പാര്‍ട്ടി മെംബര്‍മാരും അനുഭാവികളുമാണ് പാര്‍ട്ടിവിട്ടത്. പൈങ്ങോട്ടൂരല്‍ നിന്ന് മുന്‍ ലോക്കല്‍ സെക്രട്ടറി ഇ കെചിന്നപ്പന്‍റെ നേതൃത്വത്തില്‍ 50 ഓളം പ്രവര്‍ത്തകരാണ് പാര്‍ട്ടി വിടുന്നത്. ആവോലിചാലില്‍ നിന്ന് 60 പേരും മണിമരുതുംചാലില്‍ നിന്ന് 73 പേരാണ് സിപിഐ വിട്ട് സിപിഎമ്മില്‍ ചേരുന്നത്.

സാമ്പത്തിക ക്രമക്കേടുകളുടെയും വിഭാഗീയ പ്രവര്‍ത്തനങ്ങളുടേയും പേരില്‍ സിപിഎം പുറത്താക്കുന്നവരെ സ്വീകരിക്കുന്ന സിപിഐ മാലിന്യ സംഭരണകേന്ദ്രമായി മാറിയെന്ന് പാര്‍ട്ടിവിട്ടവര്‍ ആരോപിക്കുന്നു. സിപിഎം പുറത്താക്കിയവര്‍ സിപിഐയില്‍ ചേരുന്നത് പണം ഉണ്ടാക്കാന്‍ മാത്രമാണെന്നും ആത്മാഭിമാനമുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ പറ്റാത്ത പാര്‍ട്ടിയായി സിപിഐ മാറിയെന്നും പാര്‍ട്ടി വിട്ടവര്‍ പുറത്തിറക്കിയ നോട്ടീസില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

ഉദയംപേരില്‍ ടി രഘുവരന്‍റെ നേതൃത്വത്തിലുള്ള സിപിഎം വിട്ടവരേയും പുറത്താക്കിയവരേയും സിപിഐ സ്വീകരിച്ചത് ജില്ലയില്‍ ഇരുപാര്‍ട്ടികള്‍ക്കുമിടയിലെ ബന്ധം വഷളാക്കിയിരുന്നു. അതിനുപിന്നാലെയാണ് സിപിഐ വിട്ടവരെ സിപിഎം സ്വീകരിക്കാനൊരുങ്ങുന്നത്. ഈ മാസം തന്നെ നേര്യമംഗലത്ത് ജില്ലാസെക്രട്ടറിയെ പങ്കെടുപ്പിച്ച് പാര്‍ട്ടിയില്‍ ചേരുന്നവര്‍ക്ക് സ്വീകരണം നല്‍കാനുള്ള തീരുമാനത്തിലാണ് പ്രാദേശിക സിപിഎം നേതൃത്വം.

Tags:    

Similar News