ലീഗിന്റെ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനത്തിനായി തര്‍ക്കം
വിഎം ഉമ്മര്‍ മാസ്റ്റര്‍ക്കും എം എ റസാഖ് മാസ്റ്റര്‍ക്കും വേണ്ടി ചേരി തിരിഞ്ഞുള്ള സമ്മര്‍ദ്ദമാണ് ജില്ലയിലെ നേതാക്കള്‍ നടത്തുന്നത്
മുസ്‍ലിം ലീഗിന്റെ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനത്തിനായി പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ രൂക്ഷമായ തര്‍ക്കം. വിഎം ഉമ്മര്‍ മാസ്റ്റര്‍ക്കും എം എ റസാഖ് മാസ്റ്റര്‍ക്കും വേണ്ടി ചേരി തിരിഞ്ഞുള്ള സമ്മര്‍ദ്ദമാണ് ജില്ലയിലെ നേതാക്കള്‍ നടത്തുന്നത്. സമവായം ആകാത്തതിനെ തുടര്‍ന്ന് അഞ്ചു മാസമായി ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്.
തെരെഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ എം എ റസാഖ് മാസ്റ്റര്‍ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ജില്ലാ ജനറല്‍ സെക്രട്ടറി പദവി ഒഴിവു വന്നത്.
സി.മോയിന്‍കുട്ടിയെ ജില്ലാ ജനറല്‍ സെക്രട്ടറിയായി പാര്‍ട്ടി അധ്യക്ഷന്‍ നിയമിച്ചെങ്കിലും തിരുവമ്പാടി സീറ്റ് ലഭിക്കാത്തതിലുള്ള പ്രതിഷേധം മൂലം അദ്ദേഹം പദവി ഏറ്റെടുക്കാന്‍ തയ്യാറായില്ല. തെരഞ്ഞെടുപ്പിന് ശേഷം നടന്ന ചര്‍ച്ചകളില്‍ വി.എം ഉമ്മര്‍ മാസ്റ്ററെ ജില്ലാ ജനറല്‍ സെക്രട്ടറിയാക്കാന്‍ സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ധാരണയായതാണ്.
എന്നാല്‍ കൊടുവള്ളിയില്‍ തോറ്റ എം.എ റസാഖ് മാസ്റ്ററെ ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചു കൊണ്ടുവരണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തുവന്നു. പാറക്കല്‍ അബ്ദുല്ലയും ഉമര്‍ പാണ്ടികശാലയുമാണ് റസാഖ് മാസ്റ്റര്‍ക്കായി ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നത്. സി.മോയിന്‍ കുട്ടി, എം സി മായിന്‍ ഹാജി എന്നീ നേതാക്കള്‍ വി എം ഉമ്മര്‍ മാസ്റ്റര്‍ക്കായും സമ്മര്‍ദ്ദം തുടര്‍ന്നു. പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള സംഘടനാ തെരഞ്ഞെടുപ്പ് ഒക്ടോബറില്‍ ആരംഭിക്കും. അത് വരെയുള്ള കാലയളവിലേക്കാണ് ജനറല്‍ സെക്രട്ടറിയെ നിയമിക്കുന്നതെങ്കിലും ജില്ലയിലെ ഗ്രൂപ്പുകളുടെ കടുംപിടുത്തം മൂലം സംസ്ഥാന നേതൃത്വം തീരുമാനമെടുക്കാതെ മാറി നില്‍ക്കുകയാണ്.