രാജി സര്‍ക്കാരിന് തിരിച്ചടിയല്ല; തെറ്റ് തിരുത്തുന്നതാണ് പക്വത: യെച്ചൂരി

Update: 2018-03-22 03:02 GMT
Editor : Sithara
രാജി സര്‍ക്കാരിന് തിരിച്ചടിയല്ല; തെറ്റ് തിരുത്തുന്നതാണ് പക്വത: യെച്ചൂരി
Advertising

കോണ്‍ഗ്രസിനേയോ ബിജെപിയേയോ പോലുള്ള പാര്‍ട്ടിയല്ല സിപിഎം എന്നും യെച്ചൂരി

Full View

ഇ പി ജയരാജന്റെ കാര്യത്തില്‍ ശക്തമായ നടപടി വേണമെന്ന നിലപാടാണ് തുടക്കം മുതല്‍ തന്നെ സിപിഎം കേന്ദ്ര നേതൃത്വം സ്വീകരിച്ചിരുന്നത്. തെറ്റുതിരുത്തുന്നത് തിരിച്ചടിയല്ല, പക്വതയാണെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആദ്യ പ്രതികരണം. ആരോപണ വിധേയരായ ഇ പി ജയരാജനും പി കെ ശ്രീമതിക്കുമെതിരെ സംഘടനാ നടപടി ഉണ്ടാവുമെന്ന സൂചനയും നേതാക്കള്‍ നല്‍കി. സംഘടനാ നടപടിയുടെ കാര്യം അടുത്ത കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യുമെന്ന് സീതാറാം യെച്ചൂരിയും പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ളയും പറഞ്ഞു.

നിയമന വിവാദത്തില്‍ ശക്തമായ തിരുത്തല്‍ നടപടി ഉണ്ടാവുമെന്ന് കേന്ദ്രനേതാക്കള്‍ നേരത്തെ തന്നെ വ്യക്തമായി പറഞ്ഞിരുന്നു. ഉചിതമായ സമയത്തുണ്ടായ ഉചിതമായ തീരുമാനമെന്നായിരുന്നു രാജി തീരുമാനം വന്നയുടന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്. "ഞങ്ങള്‍ ബിജെപിയോ കോണ്‍ഗ്രസോ പോലെയുള്ള ഒരു പാര്‍ട്ടിയല്ല. വ്യത്യസ്തമായ, കൂടുതല്‍ മെച്ചപ്പെട്ട തത്വങ്ങളും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ്. അതുകൊണ്ടു തന്നെ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനങ്ങളുണ്ടാവും", യെച്ചൂരി പറഞ്ഞു.

ഇ പി ജയരാജന്‍ കേന്ദ്രകമ്മിറ്റി അംഗമായതിനാല്‍ സംഘടനാ നടപടിയുടെ കാര്യം കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. ക്രമരഹിതമായ ഒന്നും വെച്ചു പൊറുപ്പിക്കില്ലെന്നും തുടങ്ങിവെച്ച തിരുത്തല്‍ നടപടികള്‍ തുടരുമെന്നും എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞു. ആരോപണ വിധേയരായിട്ടുള്ള മറ്റുള്ളവരുടെ കാര്യത്തിലും പരിശോധനകള്‍ ഉണ്ടാവുമെന്ന് രാമചന്ദ്രന്‍പിള്ള പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News