വേനല്‍ക്കാല അസുഖങ്ങളില്‍ മതിയായ ചികിത്സ ലഭിക്കാതെ ആദിവാസി കുടുംബങ്ങള്‍
തിരുവനന്തപുരം വിതുര മണിതുക്കി കോളനിക്കാര്‍ക്ക് ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നില്ല
വേനല്‍ക്കാല അസുഖങ്ങള്‍ വ്യാപകമാകുമ്പോഴും മതിയായ ചികിത്സ ലഭിക്കാതെ ദുരിതം അനുഭവിക്കുകയാണ് തിരുവനന്തപുരം വിതുര കോളനിയിലെ ആദിവാസികള്‍. ദിവസങ്ങളായി ഛര്‍ദിയും വയറിളക്കവും മൂലം കഷ്ടപ്പെട്ടിട്ടും ഡോക്ടറുടെ സേവനം ഇവിടുത്തെ കുടുംബങ്ങള്‍ക്ക് ലഭിക്കുന്നില്ല. ആദിവാസികള്‍ക്ക് വേണ്ടി രൂപീകരിച്ച ഐടിഡിപി മൊബൈല്‍ യൂണിറ്റ് പോലും ഇവരുടെ സഹായത്തിന് എത്തുന്നില്ല. ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്ന ഇവര്‍ക്ക് ആശുപത്രികളില്‍ എത്തണമെങ്കിലും കിലോമീറ്ററുകള്‍ താണ്ടണം.
ഇത് എരവി. രണ്ട് ദിവസത്തിലേറെയായി കടുത്ത ഛര്‍ദിയും വയറിളക്കവും മൂലം കഷ്ടപ്പെടുകയാണ് ഇവര്‍. കോളനിയിലെ അഞ്ച് കുട്ടികളുടെ അവസ്ഥയും ഇതാണ്. ജനറല്‍ ആശുപത്രിയും ഒരു മെഡിക്കല്‍ കോളേജും ഉള്‍പ്പെടെ നിരവധി ആശുപത്രികളുള്ള തലസ്ഥാനത്താണ് ആദിവാസി കോളനിയിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചികിത്സ ലഭിക്കാതെ ദുരിതം അനുഭവിക്കുന്നത്. വൈദ്യസഹായത്തിനായി ഐടിഡിപി മൊബൈല്‍ യൂണിറ്റിനെ സമീപിച്ചെങ്കിലും ആരുമെത്തിയില്ല.
കിലോമീറ്ററുകള്‍ അകലെയുള്ള വിതുര താലൂക്ക് ആശുപത്രിയില്‍ കുട്ടികളില്‍ ഒരാളെ പ്രവേശിപ്പിച്ചെങ്കിലും അവശ്യമരുന്നുകള്‍ പോലും പുറത്ത് നിന്ന് വാങ്ങേണ്ട ഗതികേടാണ്. റോഡുകള്‍ സഞ്ചാരയോഗ്യമല്ലാത്തതിനാല്‍ പലപ്പോഴും ആശുപത്രിയില്‍ പോകാന്‍ വാഹനങ്ങളും ലഭിക്കാറില്ല. കിട്ടിയാല്‍ തന്നെ വന്‍ തുക വാടകയും വാങ്ങും.
ആദിവാസി കോളനികളില്‍ ആരോഗ്യ ക്യാമ്പുകള്‍ നടത്തണമെന്ന നിര്‍ദേശവും ഇവിടെ പാലിക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം.