ടി ഒ സൂരജിനെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്
കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്ന കാലത്ത് ടെന്‍ണ്ടര്‍ നടപടികളില്‍ ക്രമക്കേട് കാണിച്ചതിലൂടെ സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്ന
ഐഎഎസ് ഉദ്യോഗസ്ഥനായ ടിഒ സൂരജിനെതിരെ ത്വരിതാന്വേഷണം. കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്ന സമയത്ത് ടെണ്ടറുകളില്‍ ക്രമക്കേട് നടത്തിയെന്ന കേസിലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പരാതിയില്‍ വ്യക്തതയില്ലെന്ന് കാട്ടി വിജിലന്‍സ് സമര്‍പ്പിച്ച ആദ്യ റിപ്പോര്‍ട്ട് കോടതി തള്ളുകയും ചെയ്തു.
പൊതുമരാമത്ത് വകുപ്പില്‍ നിന്നും കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന് ലഭിക്കുന്ന ജോലികള്‍ ഉയര്‍ന്ന തുക രേഖപ്പെടുത്തിയ ടെണ്ടറുകള്‍ക്ക് നല്കുന്നതിലൂടെ സര്‍ക്കാരിന് വലിയ നഷ്ടം ഉണ്ടായെന്നാണ് പരാതി. അഭിഭാഷകന്‍ കൂടിയായ ഗീരീഷ് ബാബു തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ നല്കിയ പരാതിയില്‍ വിജിലന്‍സിന്‍റെ മധ്യമേഖല സെപഷ്യല്‍ സെല്‍ അന്വേഷിക്കുകയും ചെയ്തു. പരാതികാരന്റെ ആരോപണങ്ങളില്‍ വ്യക്തതയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കണ്ടെത്തിയത്. ആയതിനാല്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് കേസ് തുടര്‍ന്ന് പരിഗണിച്ച മൂവാറ്റുപുഴ കോടതിയില്‍ റിപ്പോര്‍ട്ടും നല്കി. എന്നാല്‍ കോടതി ഈ റിപ്പോര്‍ട്ട് തള്ളി. തുടര്‍ന്നാണ് വീണ്ടും ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്കുകയായിരുന്നു. ശാസ്ത്രീയമായി അന്വേഷിക്കേണ്ട കേസ് ആയതിനാല്‍ ഒരു സിവില്‍ എഞ്ചനിയറുടെ സഹായത്തോടെ അന്വേഷണം നടത്താനെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.