കോഴ്‍സിന് അംഗീകാരമില്ല; എറണാകുളം ലോ കോളേജില്‍ എസ്എഫ്ഐ സമരം

Update: 2018-04-14 00:49 GMT
Editor : Sithara
കോഴ്‍സിന് അംഗീകാരമില്ല; എറണാകുളം ലോ കോളേജില്‍ എസ്എഫ്ഐ സമരം
Advertising

ബിഎ ക്രിമിനോളജി ഓണേഴ്‍സ് കോഴ്‍സ് അംഗീകാരം സംബന്ധിച്ച അനിശ്ചിതത്വം നീളുന്നതിനിടെ എറണാകുളം ലോ കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വീണ്ടും നിരാഹാരസമരം ആരംഭിച്ചു

Full View

ബിഎ ക്രിമിനോളജി ഓണേഴ്സ് കോഴ്സിന്റെ അംഗീകാരം സംബന്ധിച്ച അനിശ്ചിതത്വം നീളുന്നതിനിടെ എറണാകുളം ലോ കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വീണ്ടും നിരാഹാരസമരം ആരംഭിച്ചു. കോഴ്സിന് അംഗീകാരത്തിനായി ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുമായി ഒരിക്കല്‍ കൂടി ചര്‍ച്ച നടത്താനാണ് എംജി യൂണിവേഴ്സിറ്റി സിന്‍റിക്കേറ്റിന്റെ തീരുമാനം. അംഗീകാരം നല്‍കണമെങ്കില്‍ 10 ലക്ഷം രൂപ ഫൈനടക്കണമെന്നാണ് ബാര്‍ കൌണ്‍സിലിന്‍റെ നിര്‍ദേശം.

എറണാകുളം ലോ കോളജടക്കം അഞ്ച് ഇടത്താണ് ബിഎ ക്രിമിനോളജി ഓണേഴ്സ് കോഴ്സ് ഉള്ളത്. ആദ്യബാച്ച് പുറത്തിറങ്ങാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് കോഴ്സിന് ബാര്‍ കൌണ്‍സിലിന്‍റെ അംഗീകാരമില്ലെന്ന് വിദ്യാര്‍ത്ഥികള്‍ അറിഞ്ഞത്. ബാര്‍ കൌണ്‍സില്‍ നിഷ്കര്‍ഷിക്കുന്ന മാതൃകയിലല്ല സിലബസ് ഒരുക്കിയിരിക്കുന്നതെന്നാണ് ഇതിനുകാരണമായി ചൂണ്ടിക്കാട്ടുന്നത്. നേരത്തെ നടത്തിയ സമരത്തിനൊടുവില്‍ 10 ലക്ഷം രൂപ ഫൈനടച്ചാല്‍ അംഗീകാരം നല്‍കാമെന്ന് ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയെ അറിയിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് വീണ്ടും ചര്‍ച്ച നടത്താനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന യൂണിവേഴ്സിറ്റി സിന്‍റിക്കേറ്റ് തീരുമാനം. ഭാവി വീണ്ടും അനിശ്ചിതത്വത്തിലായതോടെ വിദ്യാര്‍ത്ഥികള്‍ വീണ്ടും സമരമാരംഭിച്ചു.

യൂണിവേഴ്സിറ്റി പ്രൊ വിസി ഷീന ഷുക്കൂറിനെയാണ് ബാര്‍ കൌണ്‍സിലുമായുള്ള ചര്‍ച്ചയ്ക്കായി സിന്‍റിക്കേറ്റ് ചുമതലപ്പെടുത്തിയിരിക്കുന്നത്. 1200 വിദ്യാര്‍ത്ഥികളാണ് അഞ്ച് കോളേജുകളിലായി ബിഎ ക്രിമിനോളജി പഠിച്ച് അഭിഭാഷകരാകാന്‍ തയ്യാറെടുക്കുന്നത്. അംഗീകാരം സംബന്ധിച്ച അനിശ്ചിതത്വം മൂലം ഇവരുടെ പരീക്ഷകള്‍ പോലും നടക്കുന്നില്ല.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News