സൗമ്യ വധക്കേസില്‍ പുനഃപരിശോധന ഹരജികള്‍ ഇന്ന് സുപ്രീംകോടതിയില്‍
ഗോവിന്ദച്ചാമിക്ക് കീഴ്‌ക്കോടതി നല്‍കിയ വധശിക്ഷ ശരിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി.
സൗമ്യ വധക്കേസില്‍ സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയും സമര്‍പ്പിച്ച പുനഃപരിശോധന ഹരജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഗോവിന്ദച്ചാമിക്ക് കീഴ്‌ക്കോടതി നല്‍കിയ വധശിക്ഷ ശരിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി.
നേരത്തെ കേസ് പരിഗണിക്കവേ കേസ് പഠിക്കാന്‍ സമയം ലഭിച്ചില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിവെച്ചത്. സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദചാമിക്ക് കീഴ്‌കോടതികള്‍ വിധിച്ച വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയും സമര്‍പ്പിച്ച പുനഃപരിശോധന ഹരജിയില്‍ സുപ്രീംകോടതി ഈ മാസം ഏഴിന് തുറന്ന കോടതിയില്‍ വാദം കേട്ടിരുന്നു.
കേസ് പരിഗണിക്കവെ മെഡിക്കല്‍ തെളിവുകളും സാക്ഷിമൊഴികളും തമ്മിലുള്ള വൈരുദ്ധ്യം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷനെതിരെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലേത് ഡോക്ടറുടെ അഭിപ്രായം മാത്രമാണെന്നും സൗമ്യ ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെടുന്നത് കണ്ടതായുള്ള സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് കൊലക്കുത്തരവാദി ഗോവിന്ദച്ചാമിയല്ലെന്ന നിഗമനത്തിലെത്തിയതെന്നും കോടതി പറഞ്ഞിരുന്നു.
മെഡിക്കല്‍ തെളിവുകളല്ലാതെ ഗോവിന്ദച്ചാമി സൗമ്യയെ തള്ളിയിടുന്നതിന് മറ്റെന്തെങ്കിലും തെളിവുണ്ടോ എന്ന ചോദ്യത്തിന് പ്രോസിക്യൂഷന് ഉത്തരമൊന്നുമുണ്ടായിരുന്നില്ല. തുടര്‍ന്ന് കേസ് പഠിക്കാന്‍ വേണ്ടത്ര സമയം ലഭിച്ചില്ലെന്നും മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹരജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിവെച്ചത്.