കടുത്ത വേനലിലും വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ പേറി പത്തനംതിട്ടയിലെ ഒരു ഗ്രാമം

Update: 2018-04-15 12:19 GMT
കടുത്ത വേനലിലും വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ പേറി പത്തനംതിട്ടയിലെ ഒരു ഗ്രാമം
Advertising

മൂന്ന് വര്‍ഷം മുമ്പ് സ്വകാര്യ വൈദ്യുത ഉത്പാദന നിലയമായ അയ്യപ്പ ഹൈഡ്രോ പവര്‍ ലിമിറ്റഡ് വൈദ്യുതോത്പാദനം ആരംഭിച്ചതോടെയാണ് പ്രദേശവാസികളുടെ ദുരിതകാലം തുടങ്ങുന്നത്

കാടും നാടും നഗരവും കടുത്ത വേനലില്‍ വെന്തുരുകുമ്പോഴും വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ പേറാന്‍ ഒരുനാട്, പത്തനംതിട്ട പെരിനാട് പ‍ഞ്ചായത്ത് പത്താം വാര്‍ഡില്‍ ഉള്‍പ്പെടുന്ന മണക്കയവും ചിറ്റാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പാമ്പിനി പട്ടിക വര്‍ഗ്ഗ കോളനിയുമാണ് മഴയെന്നോ വെയിലെന്നോ വ്യത്യാസമില്ലാതെ വെള്ളക്കെട്ടില്‍ കഴിയുന്നത്.

പൊള്ളുന്ന മേടമാസച്ചൂടിലും ഏതുനിമിഷവും വീട്ടിലേക്ക് ഇരച്ചെത്തുന്ന വെള്ളത്തെ ഭയന്ന് കഴിയുന്ന ഒരു ജനസമൂഹം. കക്കാട് ആറിന്റെ തീരവാസികളായ പാമ്പിനി പട്ടികവര്‍ഗ്ഗകോളനി നിവാസികളും മണക്കയം നിവാസികളുമാണ് വെള്ളക്കെട്ടിന്റെ ദുരിതങ്ങളോട് മല്ലിടുന്നത്. കൊടും വേനലിലാണ് ഈ കാഴ്ചകളെന്ന് ഓര്‍ക്കണം. വര്‍ഷകാലത്ത് ജനവാസം ഏറെക്കുറെ അസാധ്യം. കായ്കനികള്‍ നട്ടുനനയ്ക്കുന്നതിനോ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനോ സാധിക്കാത്ത അവസ്ഥ. കുടിവെള്ളം പോലും മലിനമാക്കുന്നതാണ് ഇവിടുത്തെ സാഹചര്യങ്ങള്‍.

കരിക്കയത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ വൈദ്യുത ഉത്പാദന നിലയമായ അയ്യപ്പ ഹൈഡ്രോ പവര്‍ ലിമിറ്റഡാണ് പ്രതിസ്ഥാനത്തുള്ളത്. മൂന്ന് വര്‍ഷം മുമ്പ് വൈദ്യുത നിലയം വൈദ്യുതോത്പാദനം ആരംഭിച്ചതോടെയാണ് പ്രദേശവാസികളുടെ ദുരിതകാലം തുടങ്ങുന്നത്. ശബരിഗിരി വൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ ജലവൈദ്യുത നിലയത്തില്‍ ഉത്പാദനത്തിന് ശേഷം കക്കാട് ആറ് വഴി പുറന്തള്ളുന്ന വെളളമാണ് അയ്യപ്പ ഹൈഡ്രോ പവര്‍ ലിമിറ്റഡിന്റെ ജലസംഭരണിയില്‍ എത്തുന്നത്. ഇവിടെ ഉത്പാദിപ്പിക്കുന്ന 15 മെഗാവാട്ട് വൈദ്യുതി കെഎസ്ഇബിക്ക് വില്‍ക്കും. ജലസംഭരണിയില്‍ 49 മീറ്റര്‍വരെ ജലം സംഭരിക്കാനുള്ള അനുമതി അയ്യപ്പ ഹൈഡ്രോ പവര്‍ പ്രോജക്ടിനുണ്ട്.

റിസര്‍വോയറിന്റെ പരിധിയില്‍ വരുന്ന പുരയിടങ്ങള്‍ വാങ്ങിയും സര്‍ക്കാര്‍ അധീനതയില്‍ ഉള്ള ഭൂമി കരാര്‍ വ്യവസ്ഥയില്‍ അധീനതയിലാക്കിയുമാണ് പദ്ധതി നടപ്പിലാക്കിയത്. ജലസംഭരണിയുടെ തീരവാസികളായ ചിലരുടെ വീടും സ്ഥലവും കമ്പനി വാങ്ങി. ചിലരുടെ പുരയിടങ്ങള്‍ ഭാഗികമായി വാങ്ങി, അവിടെ സംരക്ഷണ ഭിത്തിയടക്കമുള്ളവ നിര്‍മിച്ച് നല്‍കി. കമ്പനി വാഗ്ദാനം ചെയ്ത തുക സ്വീകാര്യമല്ലാത്തവര്‍ സ്ഥലം വിട്ടുനല്‍കിയില്ല, അത്തരക്കാരുടെ പുരയിടങ്ങളിലേക്ക് വെള്ളം കയറുന്നത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ട ബാധ്യത അയ്യപ്പ ഹൈഡ്രോ പവറിനാണെന്ന ഹൈക്കോടതി വിധി പ്രദേശവാസികള്‍ നിയമ പോരാട്ടത്തിനൊടുവില്‍ സമ്പാദിച്ചു. സംഭരണിയില്‍ ജലം നിറയ്ക്കുമ്പോള്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ പ്രത്യേകം ഉദ്യോഗസ്ഥനെ ജില്ലാ കളക്ടര്‍ നിയോഗിക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. എന്നാല്‍ ഇവയെല്ലാം അട്ടിമറിക്കപ്പെട്ടു.

Full View

ചിറ്റാര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ പാമ്പിനി പട്ടിക വര്‍ഗ്ഗ കോളനിയില്‍ ഇപ്പോള്‍ താമസിക്കുന്നത് 18 കുടുംബങ്ങള്‍. മറ്റുള്ളവരുടെ ഭൂമി കമ്പനി ഏറ്റെടുക്കുകയും അവരെ ഒഴിപ്പിക്കുകയും ചെയ്തു. വെള്ളക്കെട്ടിന്റെ ഭീഷണി ഉണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരുടെ ഭൂമി കമ്പനി ഏറ്റെടുക്കാതിരുന്നത്. പരമാവധി വെള്ളം എത്താനുള്ള സ്ഥലപരിധി നിശ്ചയിച്ച് കല്ലിടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വര്‍ഷകാലത്ത് വീടുകളില്‍ വെള്ളം കയറുന്ന സ്ഥിതിവന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരുടെ സ്ഥലപരിശോധന മുറയ്ക്ക് നടക്കുന്നുണ്ട്, എന്നാല്‍ സാഹചര്യങ്ങള്‍ക്ക് മാറ്റമില്ല.

പെരിനാട് പഞ്ചായത്ത് പത്താം വാര്‍ഡിലെ മണക്കയത്ത് നൂറോളം കുടുംബങ്ങളാണ് വെള്ളക്കെട്ടിന്റെ ദുരിതം പേറുന്നത്. പലരും പ്രശ്ന പരിഹാരത്തിന് ഇപ്പോള്‍ നിയമ പോരാട്ടത്തിലാണ്. പുരയിടങ്ങള്‍ക്ക് സംരക്ഷണ ഭിത്തി നിര്‍മിച്ച് നല്‍കുകയോ അല്ലാത്ത പക്ഷം അവ ഏറ്റെടുക്കുകയോ വേണമെന്നാണ് ഇവരുടെ ആവശ്യം.

അതേസമയം ജനജീവിതത്തെ ബാധിക്കുന്ന തരത്തില്‍ വെള്ളക്കെട്ടില്ലെന്നും, സ്ഥലം കമ്പനി വാങ്ങുന്നതിനായി ചിലര്‍ നടത്തുന്ന സമ്മര്‍ദ്ദ തന്ത്രമാണ് വിവാദങ്ങള്‍ക്ക് കാരണമെന്നുമാണ് അയ്യപ്പ ഹൈഡ്രോ പവറിന്റെ വിശദീകരണം. എന്നാല്‍ പ്രതികരണം കാമറക്ക് മുന്നില്‍ പറയാന്‍ ഇവര്‍ തയ്യാറല്ല. സ്ഥിരമായുള്ള വെള്ളക്കെട്ട് മൂലം കെട്ടിടങ്ങള്‍ക്ക് ബലക്ഷയം സംഭവിച്ചു. കക്കൂസ് ടാങ്കുകളില്‍ നിന്ന് ഉറവ ഇറങ്ങി ശുദ്ധജലശ്രോതസ്സുകള്‍ മലിനമായി. പാമ്പ ശല്യവും ജലജന്യ രോഗങ്ങളും പെരുകി.

Tags:    

Similar News