പുതിയ മന്ത്രിയാര്? സിപിഎമ്മില്‍ ചര്‍ച്ചകള്‍ സജീവം
സുരേഷ് കുറുപ്പ്, രാജു എബ്രഹാം, വികെസി മമ്മദ് കോയ എന്നിവരുടെ പേരുകളാണ് പരിഗണനയില്‍
ഇ പി ജയരാജന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ തത്കാലം മുഖ്യമന്ത്രി ഏറ്റെടുത്തുവെങ്കിലും പകരം മന്ത്രി വരുമെന്ന സൂചനയാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്നത്. ഇതിനായുളള ചര്‍ച്ചകളും സിപിഎമ്മില്‍ സജീവമായി. സുരേഷ് കുറുപ്പ്, രാജു എബ്രഹാം, വികെസി മമ്മദ് കോയ എന്നിവരുടെ പേരുകളാണ് പരിഗണനയില്‍. പുതിയ മന്ത്രി വന്നാലും വ്യവസായ വകുപ്പ് നല്‍കുന്ന കാര്യത്തില്‍ ഉറപ്പില്ല.
ഇ പി ജയരാജന്‍ മന്ത്രിസ്ഥാനത്തേക്ക് മടങ്ങിവരുന്നതിനോട് പാര്‍ട്ടിയിലെ പ്രബല വിഭാഗത്തിന് താത്പര്യമില്ലെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് പകരക്കാരന് വേണ്ടിയുളള ചര്‍ച്ചകള്‍ ആരംഭിച്ചത്. സുരേഷ് കുറുപ്പ്, രാജു എബ്രഹാം, വികെസി മമ്മദ് കോയ തുടങ്ങിയ മൂന്നു പേരുകളാണ് പ്രധാനമായും പരിഗണനയിലുളളത്. സാമാജികനെന്ന നിലയിൽ സീനിയോറിറ്റി രാജു എബ്രഹാമിനാണ്. സുരേഷ് കുറുപ്പിനും തുല്യമായ പ്രവർത്തനപരിചയമുണ്ട്. ബേപ്പൂര്‍ എം.എല്‍.എ വികെസി മമ്മദ്കോയക്ക് പിണറായിയുമായുള്ള അടുപ്പം തുണയാകുമെന്നും കരുതുന്നു.
കണ്ണൂരില്‍ നിന്നുളള പ്രതിനിധിയാണ് രാജിവെച്ചതെന്നതിനാല്‍ പകരക്കാരന്റെ കാര്യത്തില്‍ ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായവും പരിഗണിച്ചേക്കും. അതേസമയം, സുപ്രധാനമായ വ്യവസായ വകുപ്പ് പുതുമുഖത്തിനു നല്‍കാന്‍ സാധ്യതയില്ല. മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളില്‍ ആര്‍ക്കെങ്കിലും വകുപ്പ് കൈമാറിയേക്കും. മന്ത്രി എ കെ ബാലനോ ജി സുധാകരനോ വ്യവസായ വകുപ്പ് നല്‍കാനാണ് സാധ്യത. അതേസമയം, ജയരാജന് പകരം മന്ത്രി വേണ്ടെന്നും ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സജീവമാകും.