ശ്രീജിത്തിന്റെ കസ്റ്റഡിമരണം: അന്വേഷണ സംഘത്തിന് മെല്ലെപ്പോക്ക്
പൊലീസ് മര്‍ദനത്തിന്റെ തെളിവുകള്‍ ലഭിച്ചിട്ടും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ വൈകുന്നു
ശ്രീജിത്ത് കസ്റ്റഡി മരണ കേസ് അന്വേഷണത്തില്‍ പൊലീസിന് മെല്ലെപ്പോക്ക്. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾക്ക് പ്രത്യേക അന്വേഷണ സംഘം ഇനിയും തയ്യാറായിട്ടില്ല. പൊലീസ് മർദ്ദനത്തിന്റെ നിരവധി തെളിവുകൾ പുറത്ത് വന്നിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
ശ്രീജിത്ത് കസ്റ്റഡിയിൽ കൊല്ലപ്പെട്ടിട്ട് ഒരാഴ്ച പിന്നിട്ടു. ശ്രീജിത്തിന് പൊലീസ് മർദ്ദനം ഏറ്റിട്ടുണ്ടെന്നും, മരണത്തിന് കാരണമായത് ഈ മർദ്ദനമാണെന്നും സാധൂകരിക്കുന്ന നിരവധി തെളിവുകൾ ഇതിനോടകം പുറത്ത് വരികയും ചെയ്തു. ഇതിൽ ശ്രീജിത്തിന്റെ മരണ മൊഴിയും, പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഉൾപ്പെടും.
കസ്റ്റഡിയിൽ എടുത്തവരാണ് മർദ്ദിച്ചതെന്ന് വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കിയ രണ്ട് ആശുപത്രികളിലും ശ്രീജിത്ത് മൊഴി നൽകിയിരുന്നു. സിവിൽ ഡ്രസ്സിൽ ഉണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് മർദിച്ചതെന്ന് ഈ മൊഴിയിൽ കൃത്യമായി പറയുന്നുമുണ്ട്. ക്രൂരമായ മർദ്ദനമേറ്റാണ് ശ്രീജിത്ത് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും വ്യക്തമാക്കുന്നു. നേരത്തെ ശ്രീജിത്തിന്റെ കുടുംബവും പൊലീസ് മർദ്ദനത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകുകയും ചെയ്തിരുന്നു.
എന്നാൽ ഇത്രയധികം തെളിവുകൾ ലഭിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ച ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നത്. എന്നാൽ കസ്റ്റഡിയിൽ നിന്നും വിട്ടതിന് ശേഷം ഇതുവരെയും ഇവരെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടില്ല. പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ല എന്ന ആരോപണത്തെ ശരിവയ്ക്കുന്നതാണ് നിലവിലെ അന്വേഷണത്തിന്റെ സ്ഥിതി.