വിവാദ പരാമര്‍ശം: എം എം മണി ഖേദം പ്രകടിപ്പിച്ചു
താന്‍ പറഞ്ഞത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് മന്ത്രി എം എം മണി പറഞ്ഞു
പൊമ്പിളൈ ഒരുമൈക്കെതിരായ പരാമര്‍ശത്തില്‍ മന്ത്രി എം എം മണി ഖേദം പ്രകടിപ്പിച്ചു. താന്‍ പറഞ്ഞത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. തൊടുപുഴയില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്‍റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു. അതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. തനിക്കും സഹോദരിമാരും പെണ്മക്കളുമുണ്ടെന്നും മണി പറഞ്ഞു.
പൊമ്പിളൈ ഒരുമൈ കൂട്ടായ്മക്കെതിരെ പരാമര്‍ശം നടത്തിയ എം എം മണിയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും രംഗത്തെത്തിയിരുന്നു. മണിയുടെ പ്രസ്താവന ശരിയായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളുടെ സമരമാണ് പൊമ്പിളൈ ഒരുമൈ നടത്തിയത്. അത്തരത്തിലാണ് ആ സമരത്തെ കാണേണ്ടിയിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പിണറായി മന്ത്രിസഭയിലെ രണ്ട് സിപിഎം മന്ത്രിമാരും മണിയുടെ പ്രസ്താവനയെ വിമര്‍ശിച്ചു. ആര്‍ക്കും എന്തും വിളിച്ചു പറയാമെന്ന സമീപനം നല്ലതല്ലെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. മന്ത്രി എന്ന നിലയില്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യമാണ് എം എം മണി പറഞ്ഞതെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു. പരാമര്‍ശം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.