സോളാര്‍കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി
കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി. എഡിജിപി കെ പത്മകുമാര്‍, ഡിവൈഎസ്പി കെ ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തും
സോളാര്‍കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി. എഡിജിപി കെ പത്മകുമാര്‍, ഡിവൈഎസ്പി കെ ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തും
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ക്രിമിനല്‍ കുറ്റത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അന്വേഷണ സംഘം ശ്രമിച്ചുവെന്നാണ് കമ്മീഷന്‍റെ നിഗമനം. മന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, എംഎല്‍എമാര്‍, ഉദ്യോഗസ്ഥര്‍, സോളാര്‍കേസ് നേരത്തെ അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പങ്ക് സംബന്ധിച്ച തെളിവുകളും സിഡിആറും അന്വേഷണസംഘം പരിശോധിച്ചില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.. ഉമ്മന്‍ചാണ്ടിയെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ നിഗുഢമായ പദ്ധതികള്‍ ഒരുക്കിയതിനും മറ്റ് ആരോപണ വിധേയര്‍ക്കെതിരെ അന്വേഷണം നടത്താതിരുന്നതിനും പ്രത്യേക അന്വേഷണ സംഘാംഗങ്ങള്‍ക്കെതിരെ വകുപ്പ് തല നടപടി എടുക്കണമെന്നാണ് കമ്മീഷന്‍റെ ശിപാര്‍ശ.
ഇതിന്‍റെ അടിസ്ഥാനത്തില്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി. പ്രത്യേക അന്വേഷണ സംഘത്തലവനായിരുന്ന ഡിജിപി എ ഹേമചന്ദ്രനെ കെഎസ്ആര്‍ടിസി എംഡിയായി നിയമിച്ചു. എഡിജിപി കെ പത്മകുമാറിന് മാര്‍ക്കറ്റ് ഫെഡിന്‍റെ ചുമതല നല്‍കി. കെ പത്മകുമാര്‍, ഡിവൈഎസ്പി കെ ഹരികൃഷ്ണന്‍, എന്നിവര്‍ക്കെതിരെ തെളിവ് നശിപ്പിച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുക്കും. അന്വേഷണ സംഘത്തലവന്‍ എ ഹേമചന്ദ്രന്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. പൊലീസ് അസോസിയേഷന്‍ സെക്രട്ടറിയായിരുന്ന ജി ആര്‍ അജിത്തിനെതിരെയും വകുപ്പ് തല നടപടിയുണ്ടാകും. ഒപ്പം അഴിമതി നിരോധന നിയമപ്രകാരം ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കും. സരിത നായരില്‍ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ജി ആര്‍ അജിത്തിനെതിരായ ആരോപണം.