നിലപാട് മയപ്പെടുത്തി യുഡിഎഫ്;തദ്ദേശ സ്ഥാപനങ്ങളില്‍ കേരള കോണ്‍ഗ്രസ് സഖ്യം തുടരും

Update: 2018-04-20 11:47 GMT
നിലപാട് മയപ്പെടുത്തി യുഡിഎഫ്;തദ്ദേശ സ്ഥാപനങ്ങളില്‍ കേരള കോണ്‍ഗ്രസ് സഖ്യം തുടരും
Advertising

കോട്ടയത്ത് കേരള കോണ്‍ഗ്രസ് ചെയ്തത് രാഷ്ട്രീയ വഞ്ചനയെന്ന് യു ഡി എഫ് യോഗം

കേരള കോണ്‍ഗ്രസ് വിഷയത്തില്‍ നിലപാട് മയപ്പെടുത്തി യുഡിഎഫ്. തദ്ദേശസ്ഥാപനങ്ങളില്‍ കേരള കോണ്‍ഗ്രസുമായുള്ള ധാരണ തുടരാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു. രാഷ്ടീയ കൂട്ടുകെട്ടിനെകുറിച്ച് ആലോചിക്കേണ്ട സമയത്ത് ആലോചിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ കോട്ടയത്ത് കേരള കോണ്‍ഗ്രസ് നടത്തിയത് രാഷ്ട്രീയ വഞ്ചനാണെന്ന് കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യസമിതി യോഗം വിലയിരുത്തി.

കെ എം മാണിയും ജോസ് കെ മാണിയുമായി ഇനി യാതൊരു സംഖ്യവും വേണ്ടെന്ന കോട്ടയം ഡിസിസിയുടെ പ്രമേയം കോണ്‍ഗ്രസിന്റെ രാഷ്ര്ടീയ കാര്യസമിതി അംഗീകരിച്ചെങ്കിലും വൈകിട്ട് ചേര്‍ന്ന യുഡിഎഫ് യോഗം മാണിയോട് അത്ര കടുത്ത നിലപാട് സ്വീകരിക്കാന്‍ തയ്യാറായില്ല. മാണിയുമായുള്ള ബന്ധം അവസാനിപ്പിക്കുമോ എന്ന ചോദ്യത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൃത്യമായ മറുപടി നല്‍കിയില്ല. ഭാവിയില്‍ മാണിയുമായി കൂട്ടുകെട്ടുണ്ടാകാനുള്ള സാധ്യതയും രമേശ് ചെന്നിത്തല തള്ളിക്കളയുന്നില്ല. തദ്ദേശസ്ഥാപനങ്ങളില്‍ കേരളകോണ്‍ഗ്രസുമായുള്ള ധാരണ തുടരുമോ എന്ന ചോദ്യത്തിന് അന്ന് ഞങ്ങളെടുത്ത തീരുമാനത്തില്‍ നിന്ന് ഞങ്ങള്‍ക്ക് മാറേണ്ട സാഹചര്യമില്ലെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

മാണി വിഷയത്തില്‍ തിടുക്കത്തില്‍ അഭിപായ പ്രകടനം വേണ്ട എന്ന ധാരണയാണ് യുഡിഎഫ് യോഗത്തിലുണ്ടായത്. ജോസഫ് വിഭാഗം മാണിയുമായി ഇടഞ്ഞ് നില്‍‍ക്കുന്ന സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിലെ രാഷ്ട്രീയ സാഹചര്യം മാറുന്നത് വരെ കാത്തിരിക്കാനാണ് യുഡിഎഫ് തീരുമാനം. എന്നാല്‍ കോട്ടയത്ത് കെ എം മാണി കാട്ടിയത് രാഷ്ര്ടീയ വഞ്ചനയാണെന്ന് കോണ്‍ഗ്രസിന്റെ രാഷ്ടീയ കാര്യസമിതിയോഗം വിലയിരുത്തി. അതിന് നേതൃത്വം നല്‍കിയത് ജോസ് കെ മാണിയും അനുവാദം നല്‍കിയത് കെ എം മാണിയുമാണെന്ന് എം എം ഹസ്സന്‍ പറഞ്ഞു.

ഇടതുസര്‍ക്കാര്‍ ഒന്നാംവാര്‍ഷികം പൂര്‍ത്തിയാക്കുന്ന മെയ് 25 ന് ഒന്നും ശരിയാകാത്ത ഒരുവര്‍ഷം എന്ന പേരില്‍ എല്ലാമണ്ഡലങ്ങളിലും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.

Full View

കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയതോടെ പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള തിരക്കിട്ട ശ്രമങ്ങളിലാണ് കെ എം മാണിയും ജോസ് കെ മാണിയും. രണ്ട് തവണ പാര്‍ലിമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നെങ്കിലും പ്രശ്നം പരിഹരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ എംഎല്‍എമാരുമായി ഒറ്റയ്ക്കൊറ്റക്ക് ചര്‍ച്ച നടത്തുകയാണ് ജോസ് കെ മാണി.

സിപിഎം പിന്തുണ വാങ്ങിയത് പ്രാദേശിക ധാരണ മാത്രമാണെന്ന് പറയുമ്പോഴും പി ജെ ജോസഫിനെയും മോന്‍സ് ജോസഫിനെയും ഇത് ബോധ്യപ്പെടുത്താന്‍ കെ എം മാണിക്ക് സാധിച്ചിട്ടില്ല. രണ്ട് തവണ പാര്‍ലമെന്ററി യോഗം ചേര്‍ന്നെങ്കിലും വിജയിക്കാതിരുന്നത് ഇതുകൊണ്ടാണെന്നാണ് സൂചന. ജോസഫിന് പിന്നാലെ വിശ്വസ്തനായ സി എഫ് തോമസും പിടിനല്കാതെ ആരോഗ്യ പ്രശ്നങ്ങള്‍ പറഞ്ഞ് മാറി നില്‍ക്കുമ്പോഴും ചില സംശയങ്ങള്‍ ബാക്കിയാണ്. യുഡിഎഫ് അനുഭാവം ഉള്ള നേതാക്കളെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതൃത്വം നടത്തുന്ന പ്രസ്താവനകള്‍ ഈ സംശയങ്ങള്‍ ഇരട്ടിയാക്കുന്നു.

ഈ സാഹചര്യത്തില്‍ അടുത്ത യോഗം ചേരുന്നതിന് മുന്‍പ് ഇവരെയെല്ലാം അനുനയിപ്പിച്ച് കൂടെ നിര്‍ത്താനാണ് മാണി ശ്രമിക്കുന്നത്. ഇനി ചേരുന്ന യോഗം അലസി പിരിയാതിരിക്കാന്‍ എംഎല്‍എമാരെ പ്രത്യേകം പ്രത്യേകം കണ്ട് കാര്യങ്ങള്‍ക്ക് വിശദീകരണം നല്കുന്ന തിരക്കിലാണ് ജോസ് കെ മാണി. ആയതുകൊണ്ട് തന്നെ ജോസ് കെ മാണിയുടെ നീക്കം വിജയം കണ്ടാല്‍ മാത്രമേ അടുത്ത യോഗം ചേരുകയുള്ളു. രാജിവെച്ച ജില്ല പ്രസിഡന്‍റ് ഇ ജെ അഗസ്തിയെ മാത്രമാണ് ഇതുവരെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ സാധിച്ചിട്ടുള്ളു എന്നാണ് ലഭിക്കുന്ന വിവരം.

Full View
Tags:    

Similar News