കേരളത്തില്‍ നേതൃമാറ്റമില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം

Update: 2018-04-21 03:58 GMT
Editor : admin
കേരളത്തില്‍ നേതൃമാറ്റമില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം
Advertising

കേരളത്തില്‍ നിന്നുള്ള കൂടുതല്‍ നേതാക്കളുമായി ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തുമെന്നും മുകുള്‍ വാസ്നിക് ഡല്‍ഹിയില്‍.....

Full View

കെപിസിസിയില്‍ നേതൃമാറ്റം ഉടനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും കേരളത്തിന്റെ ചുമതലയുമുള്ള മുകുള്‍ വാസ്നിക്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നില്ല. പാര്‍ട്ടി നേതൃത്വത്തിലേക്ക് കൂടുതല്‍ യുവാക്കള്‍ വരണം. കേരളത്തില്‍ നിന്നുള്ള കൂടുതല്‍ നേതാക്കളുമായി ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തുമെന്നും മുകുള്‍ വാസ്നിക് ഡല്‍ഹിയില്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തടക്കം സമൂല അഴിച്ചുപണി വേണമെന്ന് കെപിസിസി ക്യാമ്പ് എക്സിക്യൂട്ടിവ് യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. വിഎം സുധീരനെ അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യം എ ഗ്രൂപ്പ് ശക്തമായി യോഗത്തില്‍ ഉന്നയിച്ചിരുന്നു. ഇക്കാര്യം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഹൈക്കമാന്റിനെ നേരില്‍ കണ്ട് അറിയിക്കുകയും ചെയ്തു.

നേതൃമാറ്റത്തെച്ചൊല്ലി പാര്‍ട്ടിയില്‍ കൂടുതല്‍ ഭിന്നിപ്പ് പരസ്യമായ സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡ് ഇടപെട്ട് 3 നേതാക്കളേയും വിളിപ്പിച്ചത്. വൈകുന്നേരം 4 മണിക്ക് രാഹുലിന്റെ അധ്യക്ഷതയിലാണ് യോഗം. കേരളത്തില്‍ നിന്നുള്ള ഈ മൂന്ന് നേതാക്കള്‍ക്ക് പുറമെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജന.സെക്രട്ടറി മുകുള്‍ വാസ്നിക് എന്നിവരും യോഗത്തില്‍ പങ്കെടുക്കും.

സംഘടനാ തലത്തില്‍ അഴിച്ചുപണി വേണമെന്ന് നിലപാടുണ്ടെങ്കിലും വി എം സുധീരനെ മാറ്റുന്നതിനോട് ഹൈക്കമാന്റിന് യോജിപ്പില്ല എന്നാണറിയുന്നത്. സുധീരന്‍ സ്ഥാനത്ത് തുടരുകയും ഉമ്മന്‍ചാണ്ടി യുഡിഎഫ് ചെയര്‍മാന്‍ ആയിരിക്കുകയും ചെയ്യുക എന്നതാണ് ഹൈക്കമാന്റ് മുന്നോട്ട് വെക്കുന്ന ഫോര്‍മുല. ഇത് എ ഗ്രൂപ്പിന് സ്വീകാര്യമാകുമോ എന്നാണ് അറിയാനുള്ളത്. സുധീരനെ മാറ്റുന്നതിന് വേണ്ടിയാണ് യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാത്തത് എന്നും വിലയിരുത്തലുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News