കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വ്വീസ് അനുവദിക്കില്ല: എയര്‍പോര്‍ട്ട് അതോറിറ്റി
റണ്‍വേ വികസനം പൂര്‍ത്തിയാക്കിയാലേ കോഡ് ഇ വിഭാഗത്തില്‍ പെടുന്ന വിമാനങ്ങളുടെ സര്‍വ്വീസ് അനുവദിക്കുവെന്ന് വ്യക്തമാക്കി എം കെ രാഘവന്‍ എംപിക്ക് എയര്‍പോര്‍ട്ട് അതോറിറ്റി കത്ത് നല്‍കി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വ്വീസ് അനുവദിക്കില്ലെന്ന കടുത്ത നിലപാട് ആവര്‍ത്തിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി. സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാക്കി റണ്‍വേ വികസനം പൂര്‍ത്തിയാക്കിയാലേ കോഡ് ഇ വിഭാഗത്തില്‍ പെടുന്ന വിമാനങ്ങളുടെ സര്‍വ്വീസ് അനുവദിക്കുവെന്ന് വ്യക്തമാക്കി എം കെ രാഘവന്‍ എംപിക്ക് എയര്‍പോര്‍ട്ട് അതോറിറ്റി കത്ത് നല്‍കി. ഹജ്ജ് എംബാര്‍ക്കേഷനടക്കം ഒഴിവാക്കാനുള്ള ഗൂഢാലോചനയാണ് നടന്നതെന്ന് എം കെ രാഘവന്‍ എംപി പ്രതികരിച്ചു.
ഈ മാസം പത്തിന് എയര്‍പോര്‍ട്ട് അതോറിറ്റി എം കെ രാഘവന്‍ എംപിക്ക് നല്‍കിയ കത്തില്‍ ആവര്‍ത്തിക്കുന്നത് കരിപ്പൂരില്‍ സ്ഥലമേറ്റെടുത്ത് റണ്‍വേയുടെ നീളം കൂട്ടാതെ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് അനുവദിക്കില്ലെന്നാണ്. വലിയ വിമാനങ്ങള്‍ ഇറങ്ങാനാവശ്യമായ സൌകര്യം കരിപ്പൂരില്‍ ഇല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് അതോറിറ്റി. റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയാ 240 ഗുണം 90 മീറ്റര്‍ എന്ന നിലയിലേക്ക് മാറ്റണം. റണ്‍വേയുടെ സ്ട്രിപിന്റെവീതി ഇരുവശത്തേക്കും 75 മീറ്റര്‍ എന്നത് 150 ആക്കി ഉയര്‍ത്തണം തുടങ്ങി നേരത്തെ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ തന്നെയാണ് കത്തില്‍ ആവര്‍ത്തിക്കുന്നത്. റണ്‍വേ റീ കാര്‍പ്പറ്റിങ് പൂര്‍ത്തിയാക്കിയാല്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റടക്കം അനുവദിക്കാമെന്ന് നേരത്തെ വ്യോമയാന മന്ത്രി അടക്കമുള്ളവര്‍ ഉറപ്പ് നല്‍കിയിരുന്നു. അതില്‍ നിന്നുള്ള പിന്നോട്ട് പോകലാണിത്.
കരിപ്പൂരിനേക്കാളും സൌകര്യം കുറഞ്ഞ വിമാനത്താവളങ്ങളെ ഹജ്ജ് എംബാര്‍ക്കേഷന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എയര്‍പോര്‍ട്ട് അതോറിറ്റി കടുംപിടിത്തും തുടരുന്ന സാഹചര്യത്തില്‍ പ്രക്ഷോഭം ആരംഭിക്കാനാണ് ജനപ്രതിനിധികളുടെ ആലോചന.