ബിജെപി ബാന്ധവത്തെ ചൊല്ലി മലമ്പുഴയില്‍ വാക്പോര്
ബിജെപിയും കോണ്‍ഗ്രസും പാലക്കാട് മലമ്പുഴ മണ്ഡലങ്ങളില്‍ ധാരണയായിട്ടുണ്ടെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയെ ചൊല്ലി പാലക്കാട് വാക്പോര് കനക്കുന്നു.
ബിജെപിയും കോണ്‍ഗ്രസും പാലക്കാട് മലമ്പുഴ മണ്ഡലങ്ങളില്‍ ധാരണയായിട്ടുണ്ടെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയെ ചൊല്ലി പാലക്കാട് വാക്പോര് കനക്കുന്നു. പാലക്കാട് ജില്ലയില്‍ സിപിഎം കോണ്‍ഗ്രസുമായി ചിലയിടങ്ങളില്‍ ധാരണയുണ്ടാക്കിയെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. സിപിഎമ്മിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.
ജില്ലയില്‍ കഴിഞ്ഞ ദിവസം പ്രചാരണം നടത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ തെരഞ്ഞെടുപ്പില്‍ ഒത്തുകളിക്കുകയാണെന്ന് ആരോപിച്ചിരുന്നു. പാലക്കാട് മണ്ഡലത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ സജീവമല്ലാത്തത് കോണ്‍ഗ്രസിനെ വിജയിപ്പിക്കാനാണെന്നായിരുന്നു ആരോപണം. വി എസ് അച്യുതാനന്ദന്‍ മത്സരിക്കുന്ന മലമ്പുഴയില്‍ കോണ്‍ഗ്രസ് സജീവമല്ലാത്തത് ഇതിനോട് ചേര്‍ത്തു വായിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനെതിരെ ബിജെപി രംഗത്തെത്തി. പാലക്കാട് ജില്ലയില്‍ പ്രധാന മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണെന്നായിരുന്നു ബിജെപി ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസിന്റെ പ്രതികരണം. സിപിഎമ്മും കോണ്‍ഗ്രസും തമ്മിലാണ് ധാരണയെന്നും ബിജെപി ആരോപിച്ചു.
തോല്‍വി മുന്നില്‍ കണ്ട സിപിഎം അടിസ്ഥാനരഹിതമായ ആരോപണം അഴിച്ചുവിടുകയാണെന്ന് പാലക്കാട് പ്രചാരണത്തിനെത്തിയ ശശി തരൂര്‍ എംപി ആരോപിച്ചു. പ്രചാരണം ചൂടു പിടിച്ചതോടെ ആരോപണ പ്രത്യാരോപണവുമായി രംഗം കൊഴുപ്പിക്കുകയാണ് മുന്നണികള്‍.