എം എം മണിക്ക് പരസ്യ ശാസന
വിവാദ പരാമര്‍ശങ്ങളില്‍ എം എം മണിക്കെതിരെ പാര്‍ട്ടി നടപടി
മന്ത്രി എം എം മണിയെ പരസ്യമായി ശാസിക്കാൻ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനം. മണിയുടെ പരാമർശങ്ങൾ പാർട്ടിയുടെ യശസ്സിനെ കളങ്കപ്പെടുത്തുന്നതാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ഇത് രണ്ടാം തവണയാണ് വിവാദ പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ മണി പാർട്ടി നടപടിക്ക് വിധേയനാവുന്നത്.
മന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് തുടർച്ചയായി വിവാദ പ്രസ്താവനകൾ നടത്തുന്ന മണിക്കെതിരെ നടപടി സ്വീകരിക്കാൻ ഇന്നലെ ചേർന്ന സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു. സെക്രട്ടറിയേറ്റ് തീരുമാനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തു. മൂന്നാർ വിഷയം പാർട്ടിക്കെതിരെ തിരിയാൻ മണിയുടെ പ്രസ്താവന കാരണമായെന്നും അതുകൊണ്ട് പാർട്ടി നടപടിയെടുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നുമായിരുന്നു കോടിയേരി പറഞ്ഞത്. പാർട്ടി തീരുമാനത്തെ സംസ്ഥാന കമ്മിറ്റിയിൽ ആരും എതിർത്തില്ല. തുടർന്നാണ് പാർട്ടിയുടെ ലഘുവായ അച്ചടക്ക നടപടികളിൽ ഒന്നായ പരസ്യ ശാസന മതിയെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്.
മണിയുടെ പ്രസ്താവനകൾ പാർട്ടിയുടെ യശസിന് മങ്ങലേൽപ്പിക്കുന്ന നിലയിലാണെന്നും അതുകൊണ്ട് സെക്രട്ടറിയേറ്റ് അംഗമായ മണിയെ പരസ്യമായി ശാസിക്കുന്നുവെന്നുമാണ് സിപിഎം ഇറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നത്. നേരത്തെ മണക്കാട് നടത്തിയ 1, 2, 3 പ്രസംഗത്തെ തുടർന്ന് മണിയെ ജില്ലാസെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുകയും സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ആറ് മാസം സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. വിവാദ പരാമർങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടാം തവണയാണ് മണി നടപടി നേരിടുന്നത്.
മണിയുടെ തെറ്റ് പാര്‍ട്ടി തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി പ്രതികരിച്ചു. പക്ഷേ അദ്ദേഹം മാപ്പ് പറഞ്ഞ് മന്ത്രിസ്ഥാനം രാജിവെക്കുന്നതുവരെ സമരം തുടരുമെന്നും ഗോമതി പറഞ്ഞു.