കരിപ്പൂര്‍ അപകടം; ഡിജിസിഎ സംഘം അന്വേഷണം ആരംഭിച്ചു
ലാന്‍ഡിംഗില്‍ പൈലറ്റിന് പിഴവ് സംഭവിച്ചോ എന്ന കാര്യമാണ് സംഘം ആദ്യം പരിശോധിക്കുന്നത്. വിമാനത്തിന് തകരാറുണ്ടായിരുന്നോ എന്നതും ഒപ്പം അന്വേഷിക്കും.
കരിപ്പൂരില്‍ വിമാനം തെന്നിമാറിയ സംഭവത്തെക്കുറിച്ച് ഡിജിസിഎ അന്വേഷണം ആരംഭിച്ചു. വിമാനം അപകടത്തില്‍ പെടാനുണ്ടായ കാരണമാണ് പ്രധാനമായും അന്വേഷിക്കുന്നത്.
ഡിജിസിഎയുടെ എയര്‍ സേഫ്റ്റി വിഭാഗത്തിലുള്ള രണ്ട് ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്. കരിപ്പൂരിലെത്തിയ അന്വേഷണ സംഘം അപകടത്തില്‍ പെട്ട സ്‌പൈസ് ജെറ്റ് വിമാനവും ലാന്‍ഡിംഗ് നടത്തിയ റണ്‍വേയുടെ ഭാഗവും വിശദമായി പരിശോധിച്ചു. അപകടമുണ്ടാക്കിയ ലാന്‍ഡിംഗ് സംബന്ധിച്ച സാങ്കേതിക വിവരങ്ങളും സംഘം ശേഖരിച്ചു. ലാന്‍ഡിംഗില്‍ പൈലറ്റിന് പിഴവ് സംഭവിച്ചോ എന്ന കാര്യമാണ് സംഘം ആദ്യം പരിശോധിക്കുന്നത്. വിമാനത്തിന് തകരാറുണ്ടായിരുന്നോ എന്നതും ഒപ്പം അന്വേഷിക്കും.
ലാന്‍ഡിംഗ് സമയത്തെ കാലാവസ്ഥ സംബന്ധിച്ച വിശദാംശങ്ങള്‍ എയര്‍പോര്‍ടിലെ കാലാവസ്ഥാവിഭാഗത്തില്‍ നിന്നും അന്വേഷണ സംഘം തേടിയിട്ടുണ്ട്. ഡിജിസിഎ സംഘത്തിന്റെ പരിശോധനക്ക് ശേഷം സ്‌പൈസ് ജെറ്റ് വിമാനം സര്‍വീസ് നടത്താനായി വിട്ടുകൊടുത്തു. അന്വേഷണ റിപ്പോര്‍ട്ട് ഡിജിസിഎക്ക് ഉടന്‍ സമര്‍പ്പിക്കുമെന്ന് കരിപ്പൂര്‍ എയര്‍പോര്‍ട് ഡയറക്ടര്‍ ജെ ടി രാധാകൃഷ്ണ പ്രതികരിച്ചു. വെള്ളിയാഴ്ച രാവിലെ ബംഗലൂരുവില്‍ നിന്നും കരിപ്പൂരിലെത്തിയ സ്‌പൈസ് ജെറ്റ് വിമാനമാണ് ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്നും പുറത്തേക്ക് തെന്നിയത്.