ദലിത് പൂജാരിക്കെതിരായ പ്രതിഷേധത്തില്‍ നിന്ന് യോഗക്ഷേമ സഭ പിന്മാറണമെന്ന് കടകംപള്ളി സുരേന്ദ്രന്‍
യോഗക്ഷേമ സഭയുടെ വിപ്ലവകരമായ പാരമ്പര്യം മറക്കരുത്. ബ്രാഹ്മണരായ തന്ത്രിമാര്‍ ഉള്‍പ്പെട്ട സമിതി യോഗ്യതയുടെ അടിസ്ഥാനത്തിലാണ് യദുകൃഷ്ണനെ തെരഞ്ഞെടുത്തത്. അപേക്ഷ സമര്‍പ്പിക്കാന്‍ പോലും ബ്രാഹ്മണരുണ്ടായിരുന്നില്ലെന്നും..
ദലിത് പൂജാരി യദുകൃഷ്ണനെതിരായ പ്രതിഷേധ പരിപാടികളില്‍ നിന്ന് യോഗക്ഷേമ സഭ പിന്മാറണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യോഗക്ഷേമ സഭയുടെ വിപ്ലവകരമായ പാരമ്പര്യം മറക്കരുതെന്നും മന്ത്രി പറഞ്ഞു. നേരത്തെ ബ്രാഹ്മണ ശാന്തിമാരുടെ സംഘടനയായ അഖില കേരള ശാന്തി ക്ഷേമ യൂണിയന്‍ യദുകൃഷ്ണനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.
തിരുവല്ല വളഞ്ഞവട്ടം ശിവക്ഷേത്രത്തില്‍ മേല്‍ശാന്തിയായി നിയമിതനായ യദു കൃഷ്ണന്‍ കഴിഞ്ഞ 26 ന് വൈകുന്നേരവും 27 ന് പുലര്‍ച്ചെയും ക്ഷേത്ര നട തുറന്നില്ലെന്ന് ആരോപിച്ചാണ് യദുകൃഷ്ണനെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് അഖില കേരള ശാന്തി ക്ഷേമ യൂണിയന്‍ ദേവസ്വം അധികൃതര്‍ക്ക് പരാതി നല്‍കിയത്. യദുകൃഷ്ണന്റെ നിയമനത്തിനെതിരെ യോഗക്ഷേമ സഭയും നേരത്തെ നിലപാടെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദേവസ്വം മന്ത്രിയുടെ പ്രതികരണം.
യദുകൃഷ്ണനെതിരായ പരാതിയില്‍ അന്വേഷണം നടത്തിയ ദേവസ്വം കമ്മീഷണര്‍ യദുകൃഷ്ണന്‍ നിയമാനുസൃതമാണ് അവധിയെടുത്തതെന്നും പരാതിയില്‍ കഴമ്പില്ലെന്നും കണ്ടെത്തിയിരുന്നു.