നേതാക്കള്‍ക്കെതിരെ പ്രമേയം; കെ.എസ്.യു നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍
സംസ്കാരത്തിന് യോജിക്കാത്ത നിലപാടാണ് കെ.എസ്.യു സ്വീകരിച്ചതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പിഎം സുരേഷ് ബാബു അഭിപ്രായപെട്ടു
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രമേയം പാസാക്കിയ കെ.എസ്.യു നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്.കോണ്‍ഗ്രസ് സംസ്കാരത്തിന് യോജിക്കാത്ത നിലപാടാണ് കെ.എസ്.യു സ്വീകരിച്ചതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പിഎം സുരേഷ് ബാബു അഭിപ്രായപെട്ടു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ അധികാരത്തില്‍ കടിച്ചുതൂങ്ങുന്നവരാണെന്നും ഇത്തരം നേതാക്കളുടെ അടിയന്തിരം കഴിഞ്ഞുമാത്രമെ മാറ്റാര്‍ക്കെങ്കിലും അവസരം ലഭിക്കുവെന്നാണ് കെ.എസ്.യു പ്രമേയത്തില്‍ പറയുന്നത്. ഇതിനെ കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായി വിമര്‍ശിക്കുന്നു.
കെ.എസ്.യു ,യൂത്ത് കോണ്‍ഗ്രസ് എന്നിവര്‍ കോണ്‍ഗ്രസിന് വിജയം ഉറപ്പുള്ള സീറ്റ് വേണമെന്ന ആവശ്യം ഉന്നയിക്കുന്നു.എന്നാല്‍ മുന്‍ കാല യുവജന നേതാക്കളായിരുന്ന എ.കെ ആന്റണി ,ഉമ്മന്‍ ചാണ്ടി തുടങ്ങിയവരെല്ലാം കമ്മ്യൂണിസ്റ്റ് ശക്തി കേന്ദ്രങ്ങള്‍ പിടിച്ചെടുത്താണ് പാര്‍ലമെന്ററി രംഗത്തെത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്നത് അതല്ല. ആരാണ് അധികാരത്തില്‍ കടിച്ച് തൂങ്ങുന്ന നേതാക്കളെന്ന് കെഎസ് യു നേതൃത്വം വ്യക്തമാക്കണമെന്നും സുരേഷ് ബാബു ആവശ്യപെട്ടു.സിപിഐ യുഡിഎഫിനൊപ്പം നില്‍കണമെന്ന കെ.എസ്.യു ആവശ്യം എല്ലാ കാലത്തിനും പറ്റിയതല്ലെന്നും സുരേഷ് ബാബു പറഞ്ഞു.