മൂന്നാര്‍ ഒഴിപ്പിക്കല്‍: മുഖ്യമന്ത്രിക്കും എം എം മണിക്കും മറുപടിയുമായി സിപിഐ
മൂന്നാര്‍ വിഷയത്തില്‍ സിപിഎമ്മുമായി യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന സൂചന നല്‍കി സിപിഐ നേതാക്കള്‍ വീണ്ടും പരസ്യപ്രതികരണങ്ങളുമായി രംഗത്ത്.
മൂന്നാര്‍ വിഷയത്തില്‍ സിപിഎമ്മുമായി യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന സൂചന നല്‍കി സിപിഐ നേതാക്കള്‍ വീണ്ടും പരസ്യപ്രതികരണങ്ങളുമായി രംഗത്ത്. പാപ്പാത്തിച്ചോലയില്‍ പൊളിച്ചത് കള്ളന്‍റെ കുരിശാണെന്നും അത് ത്യാഗത്തിന്‍റെ കുരിശല്ലെന്നും മുഖ്യമന്ത്രിക്ക് മറുപടിയായി കാനം രാജേന്ദ്രന്‍ പറഞ്ഞു. കുരിശ് പൊളിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ തെളിയിക്കട്ടെയെന്നായിരുന്നു റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍റെ പ്രതികരണം.
സിപിഐയുമായി പരസ്യമായ തര്‍ക്കത്തിനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മൂന്നാര്‍ വിഷയത്തിലടക്കം തങ്ങള്‍ പിന്നോട്ടില്ലെന്ന് തന്നെയാണ് സിപിഐ നേതൃത്വത്തിന്‍റെ നിലപാട്. അതിന്‍റെ സൂചനയാണ് ഇന്ന് സിപിഐ നേതാക്കളുടെ പ്രതികരണങ്ങളില്‍ കാണാന്‍ കഴിയുന്നത്. പാപ്പാത്തി ചോലയില്‍ കുരിശ് പൊളിച്ചതിനെ വിമര്‍ശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായാണ് സിപിഐ സംസ്ഥാന സെക്രട്ടറി ഇന്ന് രംഗത്ത് വന്നത്.
കുരിശു തകര്‍ത്ത സംഭവം സര്‍ക്കാരിനെയും കേരളത്തെയും തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനക്ക് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍റെ മറുപടിയും തൊട്ടുപിന്നാലെ വന്നു. കുരിശ് തകര്‍ത്തതിനെ ബാബറി മസ്ജിദ് പൊളിച്ചതുമായി താരതമ്യം ചെയ്ത എം എം മണിക്കായിരുന്നു സിപിഐയുടെ അടുത്ത മറുപടി. ഈ താരതമ്യം ആര്‍എസ്എസിനെ സഹായിക്കാനാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം പറഞ്ഞു. കയ്യേറ്റമൊഴിപ്പിക്കല്‍ തത്കാലത്തേക്ക് നിര്‍ത്തിവെക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെയുള്ള അതൃപ്തിയാണ് സിപിഐ നേതാക്കള്‍ തുറന്ന് പ്രകടിപ്പിക്കുന്നതെന്നാണ് സൂചന.