ഭക്ഷ്യസുരക്ഷ: നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍

Update: 2018-04-30 11:38 GMT
ഭക്ഷ്യസുരക്ഷ: നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍
Advertising

നിയമം നടപ്പിലാക്കാന്‍ കേന്ദ്രത്തിന്റെ അന്ത്യശാസനം‌

Full View

ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കാന്‍ സംസ്ഥാനം നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നു. അടുത്ത വര്‍ഷം മാര്‍ച്ചോടെ നിയമം പൂര്‍ണമായി പ്രയോഗത്തില്‍ വരുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കിയില്ലെങ്കില്‍ കര്‍ശന നടപടി നേരിടേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് അന്ത്യശാസനം നല്‍കിയിരുന്നു.

ആറ് മാസം കൊണ്ട് ഭക്ഷ്യസുരക്ഷാനിയമം പൂര്‍ണമായി നടപ്പിലാക്കുമെന്ന് ആഗസ്റ്റില്‍ സംസ്ഥാനം പ്രഖ്യാപിച്ചിരുന്നു. കേന്ദ്രത്തിന്റെ അന്ത്യശാസനത്തോടെ നടപടികള്‍ പരമാവധി വേഗത്തിലാക്കുകയാണ് സര്‍ക്കാര്‍. പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം, സംഭരണ കേന്ദ്രങ്ങള്‍ കണ്ടെത്തല്‍, കമ്പ്യൂട്ടര്‍വത്കരണം എന്നിവയാണ് അടിയന്തരമായി പൂര്‍ത്തിയാക്കേണ്ടത്.

യുഡിഎഫ് കാലത്ത് തയ്യാറാക്കിയ റേഷന്‍ കാര്‍ഡ് പട്ടിക സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നതിനാല്‍ പുതിയ കരട് പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഒക്ടോബറോടെ കരട് പ്രസിദ്ധീകരിച്ച ശേഷം പരാതികള്‍ പരിഹരിച്ച് വേണം പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍. താലൂക്കുകളില്‍ ഒന്നില്‍ കൂടുതല്‍ ഗോഡൌണുകള്‍ കണ്ടെത്തുകയും സര്‍ക്കാരിന് വെല്ലുവിളിയാണ്.

റേഷന്‍ മൊത്ത വ്യാപാരികളുടെ ഗോഡൌണുകള്‍ പാട്ടത്തിനെടുക്കാനാണ് ആലോചന. എന്നാല്‍ വ്യാപാരികള്‍ ഇവ വിട്ടുനല്‍കാന്‍ ഒരുക്കമല്ല. കമ്പ്യട്ടര്‍വത്കരണത്തിനായുള്ള സംവിധാനങ്ങള്‍ സപ്ലൈ ചെയ്യുന്ന ഏജന്‍സിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. നിയമം നടപ്പിലാക്കിയില്ലെങ്കില്‍ കേന്ദ്ര വിഹിതം നിലക്കും. ദാരിദ്ര്യ രേഖക്ക് മുകളിലുള്ളവര്‍ക്കുള്ള ധാന്യങ്ങള്‍ സബ്സിഡി നിരക്കില്‍ നല്‍കാന്‍ സംസ്ഥാനം കമ്പോളവിലകൊടുത്തു വാങ്ങേണ്ടിവരുന്ന സ്ഥിതിയുമുണ്ടാകും.

Tags:    

Similar News