കടലാക്രമണം; സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ തുറന്നപോര്

Update: 2018-04-30 17:54 GMT
Editor : Jaisy
കടലാക്രമണം; സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ തുറന്നപോര്
Advertising

രൂക്ഷമായ കടലാക്രമണം മൂലം തീരദേശ ജനത വലയുമ്പോള്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാരോപിച്ചാണ് ഡിസിസിസത്യാഗ്രഹം സംഘടിപ്പിച്ചത്

Full View

ആലപ്പുഴയില്‍ തീരപ്രദേശത്തെ കടലാക്രമണം ചെറുക്കുന്ന വിഷയത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ തുറന്നപോര്. മണല്‍ച്ചാക്കുകളിട്ട് കടലാക്രമണം തടയാനുള്ള പദ്ധതി അപ്രായോഗികമാണെന്നും അത് തടയില്ലെന്നും പ്രഖ്യാപിച്ച് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കെ സി വേണുഗോപാലും അടക്കമുള്ളവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സത്യാഗ്രഹം നടത്തി. കയര്‍ ജിയോടെക്സ് ചാക്കുകളില്‍ മണല്‍ നിറച്ച് തീരപ്രദേശത്ത് താല്‍ക്കാലിക ഭിത്തി നിര്‍മിക്കാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് സമരം നടക്കുന്ന വേളയില്‍ തന്നെ തൊട്ടടുത്ത് ധനകാര്യമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു.

രൂക്ഷമായ കടലാക്രമണം മൂലം തീരദേശ ജനത വലയുമ്പോള്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാരോപിച്ചാണ് കെ സി വേണുഗോപാല്‍ എം പിയുടെ നേതൃത്വത്തില്‍ ആലപ്പുഴ കലക്ട്രേറ്റിനു മുന്‍‍പില്‍ ഡി സി സി സത്യാഗ്രഹം സംഘടിപ്പിച്ചത്. കയര്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ചാക്കുകളില്‍ മണല്‍ നിറച്ച് കടലാക്രമണം തടയാനുള്ള ധനകാര്യമന്ത്രിയുടെ പദ്ധതി അപ്രായോഗികമാണെന്ന് സമരവേദിയില്‍ പ്രസംഗിച്ച നേതാക്കള്‍ പറഞ്ഞു. ഇതിന് അനുവദിക്കില്ലെന്നും കരിങ്കല്ലിട്ട് തീരപ്രദേശത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്നും നേതാക്കള്‍ പറഞ്ഞു. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത സമരത്തില്‍ ആര്യാടന്‍ മുഹമ്മദ്, പി സി വിഷ്ണുനാഥ് തുടങ്ങിയവര്‍ പ്രസംഗിക്കാനെത്തി. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് ഉമ്മന്‍ ചാണ്ടിയാണ്. എന്നാല്‍ സമരം കലക്ട്രേറ്റിനു മുന്‍പില്‍ നടന്നു കൊണ്ടിരിക്കെ തന്നെ ധനകാര്യ മന്ത്രി തോമസ് ഐസക് തൊട്ടടുത്തുള്ള ഫോം മാറ്റിങ്ങ്‌സ് ഇന്ത്യ ലിമിറ്റഡില്‍ എത്തി മണല്‍ച്ചാക്കുകളുണ്ടാക്കാനുള്ള ലാറ്റക്സ് കോട്ടിങ്ങുള്ള ജിയോ ടെക്‌സ്റ്റൈല്‍ ചാക്കുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ തര്‍‍ക്കങ്ങള്‍ തന്നെ ഉണ്ടാവുമെന്ന സൂചനയാണ് പ്രതിപക്ഷത്തിന്റെ സമരവും ധനകാര്യമന്ത്രിയുടെ പ്രസ്താവനയും സൂചിപ്പിക്കുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News