പി വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക്, കോണ്‍ഗ്രസ് പ്രാദേശിക ഘടകത്തില്‍ ഭിന്നത
യുഡിഎഫ് ഭരണ സമിതി എടുത്ത നിലപാടിനെതിരെ ശക്തമായ വിമര്‍ശമാണ് യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.
നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ കക്കാടം പൊയിലിലെ വാട്ടര്‍ തീംപാര്‍ക്കിനു നല്‍കിയ അനുമതിയെച്ചൊല്ലി കോണ്‍ഗ്രസിന്റെ പ്രാദേശിക ഘടകത്തില്‍ തര്‍ക്കം രൂക്ഷമാകുന്നു. യുഡിഎഫ് ഭരിക്കുന്ന കൂടരഞ്ഞി പഞ്ചായത്ത് അന്‍വറിനെ സംരക്ഷിക്കുന്ന നിലപാട് എടുക്കുന്നതാണ് യൂത്ത് കോണ്‍ഗ്രസിനെയും കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെയും ചൊടിപ്പിച്ചിരിക്കുന്നത്. സി പി എം പ്രാദേശിക നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണയും അന്‍വറിനുണ്ട്.
കക്കാടം പൊയിലിലെ വാട്ടര്‍ തീം പാര്‍ക്ക് നിയമപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന നിലപാടാണ് യുഡിഎഫ് ഭരിക്കുന്ന കൂടരഞ്ഞി പഞ്ചായത്തിന്. സ്വതന്ത്ര അംഗമായി ജയിച്ച പ്രസിഡന്റിനും മുസ്ലീം ലീഗ് അംഗമായ വൈസ് പ്രസിഡന്റിനും ഇക്കാര്യത്തില്‍ ഒരേ അഭിപ്രായമാണ്. വാട്ടര്‍ തീം പാര്‍ക്ക് പൂട്ടാന്‍ പാടില്ലെന്ന നിലപാടാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്. സിപിഎമ്മും ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനോട് യോജിക്കുന്നു.
യുഡിഎഫ് ഭരണ സമിതി എടുത്ത നിലപാടിനെതിരെ ശക്തമായ വിമര്‍ശമാണ് യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. വാട്ടര്‍ തീം പാര്‍ക്കിന്റെ അനുമതി റദ്ദ് ചെയ്യുന്നതു വരെ പ്രക്ഷോഭം തുടരാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനം.