കൊച്ചി കപ്പല്‍ശാലയിലെ അപകടത്തില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റി
റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ച് തുടര്‍നടപടികള്‍ക്ക് ശിപാര്‍ശ ചെയ്താല്‍ കപ്പല്‍ശാല അധികൃതര്‍ക്കും കരാര്‍ ഏറ്റെടുത്ത കമ്പനിക്കുമെതിരെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യും
കൊച്ചി കപ്പല്‍ശാലയിലെ പൊട്ടിത്തെറിയില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചതായി ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് അന്വേഷണറിപ്പോര്‍ട്ട്. അന്വേഷണറിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ക്ക് ഉത്തരവിട്ടാല്‍ കരാറേറ്റെടുത്ത സ്വകാര്യകമ്പനിക്കും കപ്പല്‍ശാല അധികൃതര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും. റിപ്പോര്‍ട്ട് ഇന്ന് വൈകിട്ട് ലേബര്‍ കമ്മീഷണര്‍ക്ക് കൈമാറും.
ഫാക്‌റീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പിലെ അഞ്ചംഗ സംഘമാണ് കപ്പല്‍ശാലയിലെ പൊട്ടിത്തെറിയെക്കുറിച്ച് അന്വേഷണം നടത്തിയത്. കപ്പല്‍ശാല അധികൃതര്‍ നിയമനങ്ങളും മാനദണ്ഡങ്ങളും പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടം സംഭവിച്ച കപ്പലില്‍ സുരക്ഷപരിശോധന പൂര്‍ത്തീകരിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനും കപ്പല്‍ശാല അധികൃതര്‍ക്കോ നിര്‍മാണകരാര്‍ ഏറ്റെടുത്ത സ്വകാര്യ കമ്പനിക്കോ കഴിഞ്ഞില്ല. അസറ്റലിന്‍ വാതകത്തിലെ ചോര്‍ച്ചയാണ് അപകടത്തിന് കാരണമെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു.
റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ച് തുടര്‍നടപടികള്‍ക്ക് ശിപാര്‍ശ ചെയ്താല്‍ കപ്പല്‍ശാല അധികൃതര്‍ക്കും കരാര്‍ ഏറ്റെടുത്ത കമ്പനിക്കുമെതിരെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യും. 1948 ലെ ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് നിയമമനുസരിച്ചായിരിക്കും കേസ് രജിസ്റ്റര്‍ ചെയ്യുക. എണ്ണ പര്യവേഷത്തിന് ഉപയോഗിക്കുന്ന ഒഎന്‍ജിസിയുടെ സാഗര്‍ ഭൂഷണ്‍ എന്ന കപ്പലില്‍ കഴിഞ്ഞ 13 നാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയെ തുടര്‍ന്ന് 5 തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.