വിവാദങ്ങളുടെ സഹയാത്രികന്‍; ഇടുക്കിക്കാര്‍ക്ക് സ്വന്തം മണിയാശാന്‍

Update: 2018-05-03 03:17 GMT
Editor : Sithara
വിവാദങ്ങളുടെ സഹയാത്രികന്‍; ഇടുക്കിക്കാര്‍ക്ക് സ്വന്തം മണിയാശാന്‍
Advertising

വിവാദങ്ങളിലൂടെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന എം എം മണി ഇടുക്കിക്കാരുടെ സ്വന്തം മണിയാശാനാണ്.

Full View

വിവാദങ്ങളിലൂടെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന എം എം മണി ഇടുക്കിക്കാരുടെ സ്വന്തം മണിയാശാനാണ്. ഏറ്റവും കൂടുല്‍ തവണ ജില്ലാ സെക്രട്ടറി പദത്തിലിരുന്ന എം എം മണി സിപിഎമ്മിലെ ഏറ്റവും ജനകീയനായ സംഘാടകരില്‍ ഒരാളാണ്.

എം എം മണിയെന്നു കേട്ടാല്‍ മലയാളികള്‍ക്ക് ആദ്യം ഓര്‍മ വരിക ചില പ്രസംഗങ്ങളാണ്. എന്നാല്‍ മാധ്യമ വിവാദങ്ങള്‍ സൃഷ്ടിച്ച ഈ പ്രതിച്ഛായക്കപ്പുറമാണ് ഇടുക്കിക്കാരുടെ മണിയാശാന്‍. താഴെതട്ടില്‍ നിന്ന് പ്രവര്‍ത്തനം തുടങ്ങി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വരെ എത്തിയ ജനകീയനായ സംഘാടകനാണ് എം എം മണി.

കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ മുണ്ടക്കല്‍ വീട്ടില്‍ മാധവന്‍റെയും ജാനകിയുടെയും മൂത്തമകന്‍. ദാരിദ്യമായിരുന്നു കൂടെപ്പിറപ്പ്. അ‍ഞ്ചാംക്ലാസില്‍ പഠിക്കുമ്പോള്‍ കുടുംബത്തോടൊപ്പം ഹൈറേഞ്ച് കയറി. പിന്നെ പഠനം ഉപേക്ഷിച്ച് കൂലിപ്പണിക്കിറങ്ങി. ജോലിക്കൊപ്പം തൊഴിലാളികളെയും സംഘടിപ്പിച്ച മണി 21-ാം വയസില്‍ സിപിഎം അംഗമായി. 1985 മുതല്‍ എട്ടു തവണ ഇടുക്കി ജില്ലാ സെക്രട്ടറിയായ മണി കൂടുതല്‍ തവണ ജില്ലാ സെക്രട്ടറി പദവി വഹിച്ച നേതാവാണ്. 1996 ല്‍ ഉടുമ്പന്‍ചോലയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും ഇ എം അഗസ്തിയോട് തോറ്റു. ഇത്തവണ ജനം കൈ പിടിച്ചുകയറ്റി. ഇപ്പോള്‍ പാര്‍ട്ടിയും.

തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെ താഴെ തട്ടിലെ ജനങ്ങളുമായുള്ള ബന്ധമാണ് എം എം മണിയെ ജനകീയനാക്കിയത്. ഒരുകാലത്ത് വിഎസ് അനുകൂലിയായിരുന്നെങ്കിലും മൂന്നാര്‍ ഓപറേഷനോടെ മറുപക്ഷത്തെത്തി. സിപിഐ മന്ത്രിമാരെക്കുറിച്ച് നടത്തിയ പ്രസ്താവനയുടെ ചൂടാറും മുന്‍പാണ് ഇപ്പോള്‍ മണിയെത്തേടി മന്ത്രി പദവിയെത്തുന്നത്. കൈവിട്ട വാക്കുകളുടെ പേരില്‍ നിയമ നടപടി വരെ ഏറ്റുവാങ്ങിയിട്ടും വിവാദങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഒരു കുറവും വരുത്തിയിട്ടില്ല. അതാണ് മണിയാശാന്‍. പറയാനുള്ളത് വായില്‍ തങ്ങി നില്‍ക്കാത്ത നാടന്‍ നേതാവ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News