പാലിയേക്കരയില്‍ ടോള്‍ അവസാനിക്കുമ്പോഴേക്കും കമ്പനി ആറിരട്ടി പിരിക്കും
ടോള്‍പിരിവ് തുടങ്ങി ആറുവര്‍ഷത്തിനകം തന്നെ 540 കോടി രൂപ പിരിച്ചുകഴിഞ്ഞതായി ദേശീയപാത പ്രോജക്ട് ഡയറക്ടര്‍ വ്യക്തമാക്കി.
തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ 6 വര്‍ഷമായി ടോള്‍ പിരിക്കുന്നത് പ്രോജക്ട് എസ്റ്റിമേറ്റില്ലാതെ.ഈ നില തുടര്‍ന്നാല്‍ നിര്‍മ്മാണചെലവിനേക്കാള്‍ ആറിരട്ടി തുക കമ്പനിയ്ക്ക് ലഭിക്കുമെന്ന് വിവരാവകാശനിയമപ്രകാരമുളള രേഖകള്‍ വ്യക്തമാക്കുന്നു.
725.82 കോടി രൂപയാണ് 2011ല്‍ തുറന്നു കൊടുത്ത മണ്ണുത്തി അങ്കമാലി നാലുവരിപാതയുടെ നിര്‍മ്മാണചെലവ്. നിലവിലെ കരാര്‍ പ്രകാരം 2028 ജൂണ്‍ 21വരെയാണ് ടോള്‍ പിരിക്കാനുളള കാലാവധി. ഈ കാലയളവിനുള്ളില്‍ നാലായിരത്തിനാനൂറ്റി അറുപത്തൊന്നു കോടി രണ്ടു ലക്ഷം രൂപ കമ്പനി പിരിച്ചെടുക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിര്‍മ്മാണചെലവിനേക്കാള്‍ ആറിരട്ടി തുക.
ടോള്‍പിരിവ് തുടങ്ങി ആറുവര്‍ഷത്തിനകം തന്നെ 540 കോടി രൂപ പിരിച്ചുകഴിഞ്ഞതായി ദേശീയപാത പ്രോജക്ട് ഡയറക്ടര്‍ വ്യക്തമാക്കി. പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാതെ ടോള്‍പിരിവിന് അനുമതി നല്‍കിയതാണ് തിരിച്ചടിയായത്. ദേശീയപാതയിലെ ടോള്‍പ്രശ്‌നത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നിയമനടപടിക്ക് തയ്യാറാകണമെന്നാണ് ആവശ്യം.