കോഴിക്കോടിന്റെ മലയോരമേഖല ഡങ്കിപ്പനി ഭീതിയില്‍
റബര്‍, കവുങ്ങ് തോട്ടങ്ങളില്‍ മഴവെള്ളം കെട്ടിനില്‍ക്കുന്നതും വനപ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നതുമാണ് ഡങ്കിപ്പനി പരത്തുന്ന കൊതുകുകള്‍ പെരുകാന്‍ കാരണം
കോഴിക്കോട് ജില്ലയുടെ മലയോര മേഖലയില്‍ മഴയ്‌ക്കൊപ്പം ഡങ്കിപ്പനി പടരുന്നു. പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലാണ് ഡങ്കിപ്പനി വ്യാപകമായി പടരുന്നത്. പുതുപ്പാടിയില്‍ മാത്രം 40 പേരില്‍ ഡങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായില്ലെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ് അധികൃതകര്‍.
കോഴിക്കോട് ജില്ലയില്‍ ഈ വര്‍ഷം 413 പേരിലാണ് ഡങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. അറുപത്തിമൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ മാസം ഇതുവരെ 100 പേരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പുതുപ്പാടി, കോടഞ്ചേരി, മുക്കം തുടങ്ങിയ മലയോര മേഖലകളിലാണ് പനി കൂടുതലായി പടരുന്നത്.
പുതുപ്പാടി പഞ്ചായത്തില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 40 ് പേരും ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവരാണ്. സ്വകാര്യ ആശുപത്രികളിലെ കണക്കു കൂടി ലഭിക്കുമ്പോള്‍ എണ്ണം ഇനിയും വര്‍ധിക്കും.
റബര്‍, കവുങ്ങ് തോട്ടങ്ങളില്‍ മഴവെള്ളം കെട്ടിനില്‍ക്കുന്നതും വനപ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നതുമാണ് ഡങ്കിപ്പനി പരത്തുന്ന കൊതുകുകള്‍ പെരുകാന്‍ കാരണം. ഡങ്കിപ്പനി ബാധിച്ച് കൈതപ്പൊയിലില്‍ ഒരാള്‍ മരിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍വൈലന്‍സ് ഓഫീസര്‍ ഡോ കെ സുകുമാരന്‍ കഴിഞ്ഞ ദിവസം പുതുപ്പാടിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കൊതുകളുടെ ഉറവിടനശീകരണം, ഫോഗിംഗ് തുടങ്ങിയ മഴക്കാലപൂര്‍വ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടന്നില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.