ആനക്കൊമ്പ് കേസ്: മോഹന്‍ലാലിനെതിരെ ത്വരിതാന്വേഷണം
മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അന്വേഷണം പ്രഖ്യാപിച്ചത്
ആനക്കൊമ്പ് കൈവശം വച്ച കേസില്‍ നടന്‍ മോഹന്‍ലാല്‍, മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് ഡയറക്ടര്‍ കേസ് അന്വേഷിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വച്ചുവെന്ന കേസിലെ ഒന്ന്, ഏഴ്, എട്ട്, ഒന്‍പത്, പതിനൊന്ന് എന്നീ പ്രതികള്‍ക്കെതിരെ ത്വരിതാന്വേഷണം നടത്താനാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. കേസിലെ ഒന്നാം പ്രതി മുന്‍ വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. ഏഴാം പ്രതിയാണ് നടന്‍ മോഹന്‍ലാല്‍. വനംവകുപ്പിലെ ഉദ്യോഗസ്ഥരാണ് കേസിലെ മറ്റുള്ളവര്‍. കൊമ്പ് കൈമാറിയവരും പ്രതിപ്പട്ടികയിലുണ്ട്.
ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് കണ്ടെടുത്തത്. തുടര്‍ന്ന് വനംവകുപ്പ് അന്വേഷണം നടത്തുകയും മോഹന്‍ലാലിനെ ഒഴിവാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് എറണാകുളം ഏലൂര്‍ സ്വദേശി എ എ പൌലോസാണ് പരാതി നല്‍കിയത്. കേസ് ഒതുക്കിതീര്‍ത്തുവെന്നതാണ് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരായ പരാതി.