കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവഗണന: യൂത്ത് ലീഗ് പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തി
കേന്ദ്ര നിലപാട് ദുരുദ്ദേശപരമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍
കരിപ്പൂര്‍ വിമാനത്താവളത്തോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കുന്നുവെന്നാരോപിച്ച് മുസ്ലിം യൂത്ത് ലീഗ് പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്തു. കരിപ്പൂര്‍ വിമാനത്താവള വിഷയത്തിലെ കേന്ദ്ര സര്‍ക്കാര്‍ നിലപാട് ദുരുദ്ദേശപരമാണെന്ന് ഇടി പറഞ്ഞു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് മാറ്റിയ ഹജ്ജ് സര്‍വ്വീസ് കരിപ്പൂരില്‍ പുനസ്ഥാപിക്കുക, വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള അനുമതി നല്‍കുക, പ്രവാസി മലയാളികളോടുള്ള വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മുസ്ലിം യൂത്ത് ലീഗിന്‍റെ പാര്‍ലമെന്‍റ് മാര്‍ച്ച്. മന്‍ഡി ഹൌസില്‍ നിന്നാരംഭിച്ച മാര്‍ച്ച് ജന്ദര്‍മന്തറില്‍ അവസാനിച്ചു.
അറ്റകുറ്റപ്പണികളെല്ലാം പൂര്‍ത്തിയായിട്ടും ഹജ്ജ് സര്‍വ്വീസ് പുനസ്ഥാപിക്കുന്നതിനും, വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള അനുമതി നല്‍കുന്നതിനുമുള്ള തടസ്സങ്ങളെന്തെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് ഇടി മുഹമ്മദ് ബഷീര്‍ എംപി ആവശ്യപ്പെട്ടു.
മാര്‍ച്ചിന് ശേഷം മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.