പി വി അന്‍വറിന്‍റെ പാര്‍ക്ക്: ഉപസമിതി റിപ്പോര്‍ട്ട് ഈ മാസം 31ന് സമര്‍പ്പിക്കും
കക്കാടംപൊയിലിലെ പി വി അന്‍വറിന്‍റെ പാര്‍ക്കുമായി ബന്ധപ്പെട്ട വിവാദത്തില്‍ കൂടരഞ്ഞി പഞ്ചായത്ത് നിയോഗിച്ച ഉപസമിതി റിപ്പോര്‍ട്ട് 31ന് സമര്‍പ്പിക്കും
കക്കാടംപൊയിലിലെ പി വി അന്‍വറിന്‍റെ പാര്‍ക്കുമായി ബന്ധപ്പെട്ട വിവാദത്തില്‍ കൂടരഞ്ഞി പഞ്ചായത്ത് നിയോഗിച്ച ഉപസമിതി റിപ്പോര്‍ട്ട് 31ന് സമര്‍പ്പിക്കും. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പഞ്ചായത്ത് ഭരണ സമതി യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. പി വി അന്‍വറിന് എതിരായ ആരോപണങ്ങളില്‍ സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്താന്‍ ആര്‍ജ്ജവം കാണിക്കണമെന്ന് ആവശ്യവുമായി എഐവൈഎഫും രംഗത്ത് എത്തി.
പി വി അന്‍വറിന്റെ പാര്‍ക്കിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട രേഖകളാണ് ഉപസമിതി പ്രധാനമായും പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി പാര്‍ക്കിന്റെ അനുമതിയുമായി ബന്ധപ്പെട്ട രേഖകള്‍ അതാത് വകുപ്പുകള്‍ക്ക് അയച്ചു കൊടുത്ത് അനുമതി നിയമപ്രകാരമാണോ നേടിയെടുത്തതെന്ന് ഉറപ്പിക്കാനാണ് പഞ്ചായത്ത് ശ്രമിക്കുന്നത്. ഈ മാസം 31ന് രേഖകകളുടെ പരിശോധന പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് പഞ്ചായത്തിന് കൈമാറാനാണ് ഉപസമിതി തീരുമാനം. അന്‍വര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലും ഉപസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പഞ്ചായത്ത് നിലപാട് സ്വീകരിക്കുക. ഉപസമിതി റിപ്പോര്‍ട്ട് പരിഗണിച്ചായിരിക്കും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും കെപിസിസിക്ക് വിശദീകരണം നല്‍കുക.
അനുമതി റദ്ദാക്കണമെന്ന കെപിസിസിയുടെയും ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും നിര്‍ദേശം പാലിക്കാന്‍ ഇതുവരെ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതി തയ്യാറായിട്ടില്ല. അതിനിടെ അന്‍വറിന് എതിരെ അന്വേഷണം ആവശ്യപ്പെട്ട് എഐവൈഎഫ് രംഗത്ത് എത്തി. വാട്ടര്‍തീം പാര്‍ക്കും തടയണയും ഭൂമിക്ക് ഭീഷണിയാണെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് കുറ്റപ്പെടുത്തി. കൂടരഞ്ഞിയില്‍ അന്‍വറിന് എതിരെ യുവജന ജാഗ്രത എന്ന പേരില്‍ പ്രതിഷേധ സംഗമവും എഐവൈഎഫ് സംഘടിപ്പിച്ചു.