നഴ്സുമാരുടെ ശമ്പള പരിഷ്കരണം: കരടുരൂപം ഇറങ്ങിയില്ലെങ്കില്‍ ശക്തമായ സമരമെന്ന് യുഎന്‍എ
നഴ്സുമാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ചാല്‍ ആശുപത്രികള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന മാനേജ്മെന്റ് വാദം നാടകമാണ്. ശമ്പള പരിഷ്കരണം നടപ്പാവുന്നത് വരെ സമരം തുടരുമെന്ന് യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ വ്യക്തമാക്കി..
നഴ്സുമാരുടെ ശമ്പള വര്ധനവ് സംബന്ധിച്ച് നവംബര്‍ 20ന് കരടുരൂപം ഇറങ്ങിയില്ലെങ്കില്‍ കേരളത്തില്‍ ഒരു ആശുപത്രിയും പ്രവര്‍ത്തിക്കില്ലെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍. നഴ്സുമാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ചാല്‍ ആശുപത്രികള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന മാനേജ്മെന്റ് വാദം നാടകമാണ്. ശമ്പള പരിഷ്കരണം നടപ്പാവുന്നത് വരെ സമരം തുടരുമെന്ന് യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ വ്യക്തമാക്കി. യു എന്‍ എ കോഴിക്കോട് ജീല്ലാ സമ്മേളനത്തിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു ജാസ്മിന്‍ ഷാ.
ശമ്പള വര്ധനവ് സംബന്ധിച്ച് കഴിഞ്ഞ ജൂലൈ 20ന് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയ ശേഷം സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളെല്ലാം ചികിത്സാ ഫീസും ആശുപത്രി ബില്ലും വര്‍ധിപ്പിച്ചു. സംസ്ഥാനത്തെ ആശുപത്രികളില്‍ ചികിത്സാ ഏകീകരണം കൊണ്ടുവരണമെന്നും ജാസ്മിന്‍ ഷാ വ്യക്തമാക്കി. ആശുപത്രി മാനേജ്മെന്റുകളെ വെള്ളപൂശാനുള്ള ശ്രമം ചിലരുടെ ഭാഗത്ത് നിന്നുണ്ടാവുന്നു. നഴ്സിങ് ഇതര വിഭാഗത്തെ കൂടി സംഘടിപ്പിച്ച് സമരം ശക്തമാക്കാനാണ് യുഎന്‍എ തീരുമാനം.