ജിഷ കൊലപാതകം: അന്വേഷണ സംഘത്തലവന്‍ ക്രിമിനല്‍ കേസ് പ്രതി
എറണാകുളം ക്രൈം ഡിറ്റാച്മെന്‍റ് ഡിവൈഎസ്‍പി ജിജിമോന്‍ ക്രിമിനല്‍ കേസില്‍ പ്രതിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ മീഡിയവണിന് ലഭിച്ചു.
പെരുമ്പാവൂരില്‍ ജിഷയുടെ കൊലപാതകം അന്വേഷിക്കുന്ന സംഘത്തിന്റെ തലവന്‍ ക്രിമിനല്‍ കേസില്‍ അന്വേഷണം നേരിടുന്നയാള്‍. എറണാകുളം ക്രൈം ഡിറ്റാച്മെന്‍റ് ഡിവൈഎസ്‍പി ജിജിമോന്‍ ക്രിമിനല്‍ കേസില്‍ പ്രതിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ മീഡിയവണിന് ലഭിച്ചു. ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനാല്‍ ക്രമസമാധാന, അന്വേഷണ ചുമതലകളില്‍ നിന്ന് ഇദേഹത്തെ മാറ്റണമെന്ന് മുന്‍ കൊച്ചി ഐജി അജിത് കുമാര്‍ ഉത്തരവിട്ടിരുന്നു. മീഡിയവണ്‍ എക്സ്‍ക്ലുസിവ്.
2014 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. മൂവാറ്റുപുഴ സ്വദേശി നീലേഷ് ജെ ഷായെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ഭീഷണപ്പെടുത്തി പണവും ചെക്കും കൈപറ്റിയായെന്നുമായിരുന്നു പരാതി. പരാതിയില്‍ പെരുമ്പാവൂര്‍ ഡിവൈഎസ്‍പി അന്വേഷണം നടത്തി കഴമ്പുണ്ടെന്ന് കണ്ടതിനാല്‍ മൂവാറ്റുപഴ സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ജിജിമോനെ കൂടാതെ മൂവാറ്റുപുഴ സി ഐ യൂനുസ്, എസ് ഐ ശിവകുമാര്‍ എന്നിവരെയും പ്രതിചേര്‍ത്തിരുന്നു. ഡിവൈഎസ്‍പി ഉള്‍പ്പെട്ട കേസായതിനാല്‍ ക്രൈംബ്രാഞ്ചിന് കേസ് കൈമാറുകയും ചെയ്തു. ഈ കേസിന്റെ പശ്ചാത്തലത്തില്‍ ജിജിമോനെ ക്രമസമാധാന ചുമതലയില്‍ നിന്നും അന്വേഷണങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നതായി അന്നത്തെ കൊച്ചി റേഞ്ച് ഐജി എം ആര്‍ അജിത്കുമാര്‍ ഉത്തരവിറക്കുകയും ചെയ്തു.
ക്രിമിനല്‍ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥനെ ജിഷാ കേസിന്റെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത് ഏറെ വിമര്‍ശം ഉയര്‍ത്തിയിട്ടുണ്ട്. പെരുമ്പാവൂര്‍ ഡിവൈഎസ്‍പിക്കായിരുന്നു ജിഷയുടെ കൊലപാതകത്തിന്റെ അന്വേഷണ ചുമതല. ഇന്നലെയോടെയാണ് എറണാകുളം ക്രൈം ഡിറ്റാച്മെന്‍റ് ഡിവൈഎസ്‍പി കെ എം ജിജിമോന് അന്വേഷണത്തിന്റെ ചുമതല കൈമാറിയത്.